തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും വന്‍ വിജയം നേടിയ യുഡിഎഫിന് കനത്ത തിരിച്ചടി നല്‍കി ചെമ്പടയുടെ തേരോട്ടം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വലിയ വിജയമാണ് ഇടതുമുന്നണി നടത്തിയിട്ടുള്ളത്.
എസ്എന്‍ഡിപി യോഗം ബിജെപി സഖ്യത്തിന്റെ മുന്നേറ്റത്തില്‍ ഇടതുമുന്നണി തകരുമെന്നും അതുവഴി നേട്ടം കൊയ്യാമെന്നുമുള്ള യുഡിഎഫ് പ്രതീക്ഷകള്‍ക്കാണ് തിരഞ്ഞെടുപ്പ് വിധി തിരിച്ചടിയായിരിക്കുന്നത്.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ഇടതുപക്ഷത്തിന് കരുത്താകുന്നതാണ് ഇപ്പോഴത്തെ വിജയം.
ആകെ ലഭിച്ച വോട്ടുകള്‍ നോക്കിയാല്‍ 14 ജില്ലാ പഞ്ചായത്തുകളില്‍ 7 എണ്ണത്തില്‍ എല്‍ഡിഎഫും ഏഴ് എണ്ണത്തില്‍ യുഡിഎഫും വിജയിച്ചു. നഗരസഭയില്‍ 45 ഇടത്ത് എല്‍ഡിഎഫും 40 ഇടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു.
152 ബ്ലോക്ക് പഞ്ചായത്തില്‍ 90 ഇടത്ത് എല്‍ഡിഎഫും 62 ഇടത്ത് യുഡിഎഫും വിജയിച്ചു. 941 ഗ്രാമപഞ്ചായത്തില്‍ 550 (ലീഡ്) യുഡിഎഫ് 363 (ലീഡ്) ബിജെപി 14 (ലീഡ്) എന്നിങ്ങനെയാണ് സീറ്റുകള്‍ ലഭിച്ചത്.
ആറ് കോര്‍പറേഷനുകളില്‍ നാലിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എല്‍ഡിഎഫിനാണ് മേല്‍ക്കൈ. ബിജെപിയാണ് തൊട്ടുപിന്നാലെയുള്ളത്.യുഡിഎഫ് പല വാര്‍ഡുകളിലും മൂന്നാം സ്ഥാനത്തേക്ക് പോയി. ബിജെപിക്ക് ചരിത്രത്തിലില്ലാത്ത വിജയമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.
കൊല്ലം കോര്‍പ്പറേഷനില്‍ ആദ്യമായി അക്കൗണ്ട് തുറക്കാനും ബിജെപിക്കായി. മാത്രമല്ല ചില നഗരസഭകളിലും ബ്ലോക്കുകളിലും ബിജെപിക്ക് അക്കൗണ്ട് തുറക്കാനായി എന്നതും എടുത്ത് പറയേണ്ട നേട്ടമാണ്.
തിരുവനന്തപുരം കല്ലിയൂര്‍ പഞ്ചായത്തില്‍ ബിജെപി അധികാരത്തില്‍ വരുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. പത്ത് സീറ്റുകളാണ് ബിജെപി ഇവിടെ സ്വന്തമാക്കിയത്. എല്‍ഡിഎഫ് അഞ്ച് സീറ്റുകളിലും യുഡിഎഫ് മൂന്ന് സീറ്റുകളിലും വിജയിച്ചു. സ്വതന്ത്രര്‍ രണ്ട് സീറ്റുകളിലാണ് വിജയിച്ചത്.
ആകെയുള്ള ആറില്‍ നാല് കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് വിജയിച്ചു. കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളിലാണ് എല്‍ഡിഎഫ് മുന്‍തൂക്കം നേടിയത്. കൊച്ചിയിലും കണ്ണൂരിലും മാത്രമാണ് യുഡിഎഫിന് മുന്നിലെത്താനായത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലാണ് ഏറ്റവും ശക്തമായ പോരാട്ടം നടന്നത്. അവസാനനിമിഷം വരെയും ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരുന്നു തിരുവനന്തപുരത്ത്. ആകെയുള്ള 100 സീറ്റുകളില്‍ 21 ഇടത്ത് മാത്രമാണ് യുഡിഎഫ് നിലംതൊട്ടത്. 42 സീറ്റുകളില്‍ ഇടതുപക്ഷം വിജയിച്ചു. ബിജെപി 34 സീറ്റുകളോടെ രണ്ടാമതെത്തി. സ്വതന്ത്രര്‍ മൂന്ന് സീറ്റുകളിലും വിജയിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 55ല്‍ 35 സീറ്റുകളും ഇടതുപക്ഷം തൂത്തുവാരി. യുഡിഎഫിന് 16ഉം മറ്റുള്ളവര്‍ക്ക് രണ്ടും സീറ്റുകള്‍ ലഭിച്ചു. തൃശൂരില്‍ ആകെയുള്ളത് 55 സീറ്റുകളാണ്. ഇതില്‍ 23 ഇടത്ത് എല്‍ഡിഎഫും 21 ഇടത്ത് യുഡിഎഫും ആറിടത്ത് ബിജെപിയും വിജയിച്ചു.
കോഴിക്കോട് കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷം നേടി എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു. 75ല്‍ 47 സീറ്റുകളും ഇടതുപക്ഷത്തിനാണ്. 20 ഇടത്ത് മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. ഏഴിടത്ത് ബിജെപിയും വിജയിച്ചു. സ്വതന്ത്രര്‍ ഒരു സീറ്റും സ്വന്തമാക്കി.
ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ ആര്‍എംപി -യുഡിഎഫ് സഖ്യത്തിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് സിപിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഏഴ് വാര്‍ഡുകളിലാണ് എല്‍ഡിഎഫിന്റെ വിജയം
കണ്ണൂരില്‍ ആര്‍ക്കും കേവലഭൂരിപക്ഷത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. 55 സീറ്റില്‍ യുഡിഎഫും എല്‍ഡിഎഫും യഥാക്രമം 26ഉം 27ഉം സീറ്റുകള്‍ നേടി. യുഡിഎഫ് വിമതനായി വിജയിച്ച പികെ രാഗേഷിന്റെ നിലപാടാണ് ഇവിടെ നിര്‍ണായകമാവുക. കൊച്ചി കോര്‍പ്പറേഷനില്‍ ആകെയുള്ള 74 സീറ്റില്‍ 23 ഇടത്ത് എല്‍ഡിഎഫും 38 ഇടത്ത് യുഡിഎഫും വിജയിച്ചു. രണ്ട് സീറ്റ് ബിജെപി സ്വന്തമാക്കി. സ്വതന്ത്രര്‍ 11 ഇടത്തും വിജയിച്ചു.
പാലാ നഗരസഭയുടെ ഭരണം യുഡിഎഫ് നിലനിര്‍ത്തി. ആകെയുള്ള 21 സീറ്റുകളില്‍ 16 സീറ്റുകളിലും യുഡിഎഫ് വിജയിച്ചു. രണ്ട് സീറ്റുകള്‍ മാത്രമാണ് എല്‍ഡിഎഫിന് കിട്ടിയത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ 13 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് കിട്ടി. സ്വതന്ത്രര്‍ രണ്ട് സീറ്റും നേടി.
ഇടുക്കി ദേവികുളം ബ്ലോക്കില്‍ നിന്ന് മത്സരിച്ച പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥി ഗോമതി തിളക്കമാര്‍ന്ന വിജയം നേടി.
മലപ്പുറത്ത് മിക്കയിടങ്ങളിലും ലീഗിന് ഭരണം നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. തിരൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫ് പിടിച്ചു. ലീഗായിരുന്നു നിലവില്‍ ഭരണ പക്ഷം. കൊണ്ടോട്ടിയില്‍ മതേതര മുന്നണി തൂത്തുവാരി. ലീഗിന് പച്ചതൊടാനായില്ല.