കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും മെഡിക്കല്‍ സ്റ്റോറുകളും ഇന്ന് അടച്ചിടും. ശബരിമല സീസണ് ആയതിനാല്‍ പത്തനംതിട്ട ജില്ലയിലെയും ചെങ്ങന്നൂര്‍ താലൂക്കിലെയും ഹോട്ടലുകളെയും മെഡിക്കല്‍ സ്റ്റോറുകളെയും ഒഴിവാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വ്യാപാരം മുപ്പതിനായിരം കോടി രൂപയിലെത്തുന്ന ഈ വര്‍ഷം നികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാറിന് 4,500 കോടി രൂപ നഷ്ടമാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ പറഞ്ഞു. സംസ്ഥാനത്ത് കച്ചവടം നടത്തുന്നവര്‍ 14.5 ശതമാനം നികുതി നല്കുമ്പോള് ഓണ്‍ലൈന്‍ വ്യാപാരത്തിന് അതു ബാധകമല്ല. ഓണ്‍ലൈന്‍ കമ്പനികളില്‍ നിന്നു നികുതി പിരിക്കാതിരിക്കുമ്പോള് എന്തു നേട്ടമാണ് ലഭിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.