ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. വലിയ കായിക താരങ്ങളെ പോലെ ശക്തമായ മനസാണ് മോഡിയുടെ യഥാര്‍ത്ഥ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്ത് മോഡി പ്രധാനമന്ത്രി പദത്തിലെത്തിയ കാര്യം പി.ടി.ഐയുമായുള്ള ചര്‍ച്ചയില്‍ വന്നപ്പോളായിരുന്നു ധനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
കഴിഞ്ഞ 15 വര്‍ഷമായി താന്‍ മോഡിയെ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം നല്ല അച്ചടക്കമുള്ള നേതാവാണെന്നും നല്ല ആത്മവിശ്വാസമുള്ള നേതാവാണെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. മോഡിയുടെ ഈ നല്ല ഗുണങ്ങളാണ് അദ്ദേഹത്തെ രാജ്യത്തെ ഉന്നത പദവിയിലെത്തിച്ചത്.
ഭരണപരമായ കാര്യത്തിലേക്ക് വരികയാണെങ്കില്‍ മോഡി മികച്ച കഠിനാദ്ധ്വാനിയാണ്. സര്‍ക്കാരിന്റെ ഓരോ വിഭാഗവും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് മോഡിക്ക് നല്ല നിശ്ചയമുണ്ട്. കാര്യങ്ങള്‍ നന്നായി മനസിലാക്കാനുള്ള കഴിവുള്ളയാളാണ് അദ്ദേഹം. ലോകനേതാവാകാന്‍ തക്കവണ്ണം മറ്റുള്ളവരുമായി സഹകരണമുണ്ട് മോഡിക്ക്. അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മാധ്യമങ്ങലില്‍ നിന്ന് അടക്കം നാനാഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ നേരിട്ടപ്പോഴും മോഡി സംസ്ഥാനത്തിന്റെ വികസനത്തിനാണ് പ്രധാന്യം നല്‍കിയത്. അവിടെ മോഡി വിജയിക്കുകയും ചെയ്തു. 2002 കലാപത്തിന്റെ പശ്ചാത്തലത്തില്‍ പലപ്പോഴും മോഡിയുടെ ഭാഗം കേള്‍ക്കാന്‍ പോലും പലരും തയ്യാറായിരുന്നില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.