മുംബൈ: മലയാളി താരം എസ് ശ്രീശാന്ത് ഇനി ഏതെങ്കിലും തരത്തിലുള്ള ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത കുറവാണെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നിലവിലെ സാഹചര്യത്തില്‍ ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ പെട്ട താരങ്ങള്‍ ഇനി ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത കുറവാണെന്ന് അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയത്.
ശ്രീശാന്തിനെ കൂടാതെ അജിത് ചാന്ദില, അങ്കിത് ചവാന് എന്നീ ക്രിക്കറ്റ് താരങ്ങളാണ് ഐപിഎല്‍ കോഴക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ക്ക് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ വാദം കേട്ടിരുന്ന പാട്യാല ഹൗസ് കോടതി ജൂലൈ 25ന് ഇവരെ കുറ്റവിമുക്തരാക്കി കേസ് തള്ളിയിരുന്നു.
എന്നാല്‍ ക്രിമിനല്‍ നടപടികളില്‍ നിന്ന് താരങ്ങള്‍ മുക്തരായെങ്കിലും ബിസിസിഐ അച്ചടക്ക നടപടികള്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്നാണ് സിഎന്‍എന്‍ ഐബിഎന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ അനുരാഗ് താക്കൂര്‍ വ്യക്തമാക്കുന്നത്. ബിസിസിഐ അഴിമതി വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ട് താരങ്ങള്‍ക്ക് എതിരാണെന്നും ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി കൂട്ടിച്ചേര്‍ക്കുന്നു. നിലവിലെ അവസ്ഥയില്‍ വിലക്ക് നീങ്ങി ഇവര്‍ ഇനി ഏതെങ്കിലും തരത്തിലുള്ള അംഗീകൃത ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത കുറവാണെന്നും താക്കൂര്‍ അഭിമുഖത്തില്‍ പറയുന്നു.
പാട്യാല ഹൗസ് കോടതിയുടെ വിധി വന്ന ഉടനെ ബിസിസിഐ സമാനമായ നിലപാടാണ് എടുത്തിരുന്നത്. എന്നാല്‍ പിന്നീട് താരങ്ങളില്‍ നിന്നുള്ള അപേക്ഷ ലഭിക്കുന്ന പക്ഷം വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് ശ്രീശാന്ത് ബിസിസിഐക്ക് കത്ത് അയയ്ക്കുകയും ചെയ്തിരുന്നു.