സംസ്ഥാനത്ത് മത്സ്യബന്ധന തൊഴിലാളികളുടെ സംയുക്തസമരം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യബന്ധന തൊഴിലാളികളുടെ സംയുക്തസമരം ആരംഭിച്ചു. ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ലക്ഷക്കണക്കിന് പേര്‍ പണിയെടുക്കുന്ന സംസ്ഥാനത്തെ മല്‍സ്യബന്ധന മേഖലയ്ക്ക് തിരിച്ചടിയായ നയങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനെതിരെയാണ് മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം. തീരദേശ മേഖലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും യന്ത്രവത്കൃത മത്സ്യത്തൊഴിലാളികളും മറ്റ് അനുബന്ധ മേഖലയിലെ തൊഴിലാളികളികളും വ്യാപാരികളുമാണ് ഹര്‍ത്താലില്‍ പങ്കെടുക്കുന്നത്.

ഡോ. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിര്‍ത്തിവെക്കുക, വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം ബോട്ടുടമകളും പണിമുടക്ക് നടത്തുന്നത്. തൊഴിലാളികള്‍ സമരം ആരംഭിച്ചതോടെ മല്‍സ്യബന്ധന മേഖല നിശ്ചലമാകും. വിദേശ മീന്‍പിടുത്ത കപ്പലുകള്‍ക്ക് കേരള തീരത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന ഡോമീനാകുമാരി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ എന്ത് വില കൊടുത്തും നേരിടാനാണ് മല്‍സ്യത്തൊഴിലാളികളുടെ തീരുമാനം. സൂചനാ പണിമുടക്ക് കൊണ്ട് പ്രശ്‌നം പരിഹാരിക്കാനായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിനിറങ്ങാനാണ് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം.

Top