സംസ്ഥാന സ്‌കൂള്‍ കായിക മേള: എറണാകുളം ഒന്നാമത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ആദ്യ ദിവസത്തെ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 53 പോയിന്റോടെ എറണാകുളം ഒന്നാമത്. 30 പോയിന്റുള്ള പാലക്കാട് രണ്ടാമതും 28 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. സ്‌കൂളുകളില്‍ 26 പോയിന്റുമായി മാര്‍ ബേസിലും 18 പോയിന്റുമായി പറളിയും 13 പോയിന്റുമായി സെന്റ് ജോര്‍ജ്ജുമാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.

ആറു വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡ് തിരുത്തിയതാണ് ഒന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോടിന്റെ കെ ആര്‍ ആതിര 9:58.51 സെക്കന്‍ഡിലാണ് പുതിയ സമയം കണ്ടെത്തിയത്. 10:00.03 സെക്കന്‍ഡായിരുന്നു ഋതു ദിനകറിന്റെ പേരിലുണ്ടായിരുന്ന പഴയ ദേശീയ റെക്കോഡ്.

സീനിയര്‍ ആണ്‍കുട്ടികളുടെ 5000മീറ്ററില്‍ പൊന്നണിഞ്ഞുകൊണ്ട് പാലക്കാടിന്റെ മുഹമ്മദ്അഫ്‌സലാണ് മേളയിലെ ആദ്യ സ്വര്‍ണം നേടിയത്. കോതമംഗലം മാര്‍ബേസിലിലെ ബിബിന്‍ ജോര്‍ജ്ജിനാണ് ആദ്യ മീറ്റ് റെക്കോര്‍ഡ്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് 8 മിനിറ്റ് 46.66 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്ത ബിബിന്‍ നേട്ടം കൈവരിച്ചത്.

Top