എഡിജിപിക്കെതിരായ സരിതയുടെ പരാതി; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ

തിരുവനന്തപുരം: വാട്‌സ് ആപ്പ് വഴി തന്റെ നഗ്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് എഡിജിപി പത്മകുമാറാണെന്ന്‌ ആരോപിച്ച് സരിത എസ്. നായര്‍ നല്‍കിയ പരാതിയില്‍ തുടര്‍ നടപടികളില്ലാത്തതില്‍ ദുരൂഹത. സംസ്ഥാനത്തെ ഉന്നതനായ ഐപിഎസ് ഓഫീസര്‍ക്കെതിരെ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വളരെ ഗുരുതരമായ അരോപണങ്ങള്‍ ഉണ്ടായിട്ടും ഇതേക്കുറിച്ച് നടപടിയെടുക്കാത്ത അധികൃതരുടെ നടപടിയാണ് ദുരൂഹതയുണര്‍ത്തുന്നത്.

തന്നെ കലൂരിലെ ഒരു ഫ്‌ളാറ്റില്‍ കൊണ്ടുപോയി എഡിജിപി പീഡിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണവും സരിത ഉന്നയിച്ചിരുന്നു.പരാതി അന്വേഷിക്കാന്‍ ഡിജിപി ബാലസുബ്രഹ്മണ്യം ഭരണ വിഭാഗം ഡിജിപി കൃഷ്ണമൂര്‍ത്തിയെ ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും ഇതു സംബന്ധമായി ഒരു തുടര്‍ നടപടിയും ഉണ്ടായിട്ടില്ല. ഇന്ന് കൃഷ്ണമൂര്‍ത്തി സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയുമാണ്.

സരിത നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണം ആവശ്യമായതിനാല്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഫയല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ഡിജിപിക്ക് തിരിച്ച് നല്‍കിയിരിക്കുകയാണ്.

സരിത നല്‍കിയ പരാതി കളവാണെങ്കില്‍ ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചതിന് അവര്‍ക്കെതിരെ പൊലീസിന് നടപടി സ്വീകരിക്കാമെന്നിരിക്കെ ആഭ്യന്തര വകുപ്പും സര്‍ക്കാരും ഇരുട്ടില്‍ തപ്പുന്നത് എന്തിന് വേണ്ടിയാണെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

ഒരു സ്ത്രീ രേഖാമൂലം പരാതി നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന സുപ്രീംകോടതി ഉത്തരവും ഇവിടെ ലംഘിക്കപ്പെട്ടു.

സോളാര്‍ കേസില്‍ അറസ്റ്റ് ചെയ്തത് അന്ന് എറണാകുളം റേഞ്ച് ഐ.ജി ആയിരുന്ന പത്മകുമാറിന്റെ പകപോക്കലായിരുന്നുവെന്ന സരിതയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ സോളാര്‍ കമ്മീഷന്‍ എഡിജിപിയുടെയും സരിതയുടെയും മൊഴി ഇക്കാര്യത്തില്‍ രേഖപ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇപ്പോള്‍ ശക്തമായിട്ടുണ്ട്.

സരിതയെ പത്മകുമാറിന്റെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്ത പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണന്‍ കഴിഞ്ഞ നാല് വര്‍ഷമായി തുടര്‍ച്ചയായി പെരുമ്പാവൂര്‍ ഡിവൈഎസ്പിയായി തുടരുകയാണ്. അതുപോലെ തന്നെ എറണാകുളം റേഞ്ച് ഐ.ജി ആയിരുന്ന പത്മകുമാറിന് സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി സൗത്ത് സോണ്‍ ആയാണ് നിയമനം നല്‍കിയത്.

സീനിയര്‍ എഡിജിപിമാരുള്ളപ്പോള്‍ വളരെ ജൂനിയറായ പത്മകുമാറിന് പ്രമോഷന്‍ നല്‍കി ക്രമസമാധാന ചുമതല നല്‍കിയത് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്കടക്കം കടുത്ത വിയോജിപ്പുണ്ടായിരുന്നുവെന്നാണ് സൂചന.

സരിതയെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ പിടിച്ചെടുത്ത മൊബൈലില്‍ ഉണ്ടായിരുന്നതാണ് മുഖ്യമന്ത്രിക്കൊപ്പം ഒരു ചടങ്ങില്‍ സംസാരിക്കുന്നതായി പിന്നീട് പുറത്തായ ദൃശ്യമെന്ന് സരിത ആരോപിക്കുന്നതും ഈ ഉദ്യോഗസ്ഥരെ ഇഷ്ടലാവണത്തില്‍ തുടരാന്‍ അനുവദിക്കുന്നതും ചേര്‍ത്ത് വായിക്കുമ്പോള്‍ സര്‍ക്കാര്‍ എന്തോ ഭയപ്പെടുന്നുണ്ട് എന്നത് ഉറപ്പാണ്. ഇക്കാരണങ്ങള്‍ കൊണ്ടാണ് സരിത നല്‍കിയ പരാതിയിലും നടപടി ഉണ്ടാകാത്തതെന്നാണ് ആരോപണം.

സരിതയുടെ അടുത്തുനിന്ന് പിടിച്ചെടുത്ത മൊബൈല്‍, ലാപ്‌ടോപ് ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകളുടെ പകര്‍പ്പുകള്‍ ഉപയോഗിച്ച് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ ‘ബ്ലാക്‌മെയില്‍’ ചെയ്യുകയാണെന്ന ആക്ഷേപത്തിന് സ്ഥിരീകരണം നല്‍കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.

സരിതയുടെ ആറ് വീഡിയോ ക്ലിപ്പിങ്ങാണ് ഏതാനും മാസം മുന്‍പ് പ്രചരിച്ചത്. ഈ നഗ്ന ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചതിന് സൗദിയില്‍ മലയാളികള്‍ അടക്കമുള്ളവര്‍ അറസ്റ്റിലായിട്ടും കേരളത്തില്‍ ഒരു നടപടിയും ഉണ്ടായിരുന്നില്ല. പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്ത തന്റെ ദൃശ്യങ്ങള്‍ എഡിജിപിയാണ് പുറത്ത് വിട്ടതെന്ന നിലപാടില്‍ ഇപ്പോഴും സരിത ഉറച്ച് നില്‍ക്കുകയാണ്.

Top