സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയതും സിപിഎം ധാരണ പൊളിച്ചതും മനോരമ

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത് മനോരമ ന്യൂസ്. മനോരമ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നയിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഒന്നിനു പുറകേ ഒന്നായി പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന വിവരങ്ങള്‍ പുറത്തുവിടുന്ന മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റും അതിന്റെ അവതാരിക ഷാനിയും ഇപ്പോള്‍ യു.ഡി.എഫിന് മാത്രമല്ല സി.പി.എം നേതൃത്വത്തിനും തലവേദനയാവുകയാണ്.

ധനമന്ത്രി കെ.എം മാണി കോഴ വാങ്ങിയെന്ന ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ വിവാദ വെളിപ്പെടുത്തല്‍ പുറത്തു വിട്ടത് ഷാനി നയിച്ച കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലാണ്. ഇത് പിന്നീട് മറ്റു ചാനലുകളും മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.

സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ ആരോപണം മാണിയെ ഇടതുപക്ഷത്തേക്ക് പ്രതീക്ഷിച്ചിരുന്ന സി.പി.എമ്മിനും ഓര്‍ക്കാപ്പുറത്തേറ്റ തിരിച്ചടിയായി. ആരോപണത്തെ കുറിച്ച് ആദ്യം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തുടര്‍ന്ന് നിലപാട് മാറ്റി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത് ഇടതുപക്ഷത്തും ഭിന്നതയ്ക്ക് കാരണമായി. വി.എസിന്റെ നിലപാടിനെ പരസ്യമായി തള്ളിക്കളഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ രംഗത്ത് വന്നത് ചെറിയ ഒരിടവേളയ്ക്ക് ശേഷം ഔദ്യോഗിക നേതൃത്വവുമായുള്ള വി.എസിന്റെ ഉടക്കിനും കാരണായി. സി.പി.എം നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചും മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടങ്ങിയും സി.പി.ഐയും ഈ അവസരം ഫലപ്രദമായി ഉപയോഗിച്ചു.

യു.ഡി.എഫിലെ ഏതെങ്കിലും ഘടകകക്ഷിയെ അടര്‍ത്തിമാറ്റാതെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ പറ്റില്ലെന്ന് കരുതുന്ന സി.പി.എം നേതൃത്വം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്നതും കരുക്കള്‍ നീക്കിയിരുന്നതും മാണിയുടെ കേരള കോണ്‍ഗ്രസിനെ കണ്ടായിരുന്നു. ഈ ധാരണയ്ക്ക് ബലം പകരുന്നതായിരുന്നു കോഴ ആരോപണത്തിലെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും നിലപാട്.

സി.പി.ഐ പ്രതിഷേധത്തിനിറങ്ങുമ്പോഴും സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്തിറങ്ങാത്തത് പാര്‍ട്ടി അണികളിലും കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സി.പി.എം സംഘടനാ സമ്മേളനങ്ങളില്‍ ഇപ്പോള്‍ നേതൃത്വത്തിന് നേരെ കടുത്ത വിമര്‍ശനമുയരുന്നതും കോഴക്കേസിലെ പാര്‍ട്ടി നിലപാട് മുന്‍നിര്‍ത്തിയാണ്.

ഇടത് പക്ഷത്തേക്ക് കേരളകോണ്‍ഗ്രസ് പോകാതിരിക്കാനാണ് കോഴ വിവാദം പുറത്തുവിട്ടതെന്നും ഇതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നുമുള്ള ആരോപണത്തിന്റെ മുനയൊടിച്ചതും മനോരമ ന്യൂസിന്റെ കഴിഞ്ഞ ദിവസത്തെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലാണ്. വിജിലന്‍സിന് മൊഴി നല്‍കാനെത്തിയ ബിജു രമേശ് നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു എന്ന വാര്‍ത്ത ചാനലുകളില്‍ സജീവമായ ഘട്ടത്തില്‍ തന്നെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷന്‍, സി.പി.എം എം.എല്‍.എ രാജു എബ്രഹാം, മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ് എന്നിവരെ സാക്ഷി നിര്‍ത്തി ബിജു രമേശുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയ ഷാനിയുടെ തന്ത്രപരമായ ചോദ്യമാണ് വഴിത്തിരിവായത്. കോണ്‍ഗ്രസ് മന്ത്രിമാര്‍ ആരെങ്കിലും കോഴ വാങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തില്‍ നിന്ന് തുടക്കത്തില്‍ ഒഴിഞ്ഞ് മാറാന്‍ ബിജു രമേശ് ശ്രമിച്ചെങ്കിലും അവതാരകയുടെ ‘കെണിയില്‍’ ഒടുവില്‍ ബിജു രമേശിന് അടി പതറുകയായിരുന്നു. കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴ വാങ്ങിയിട്ടുണ്ടെന്നും സംസ്ഥാനത്ത് നിന്നല്ലാതെ സ്വതന്ത്രമായ ഏതെങ്കിലും ഏജന്‍സി അന്വേഷിക്കുകയാണെങ്കില്‍ പേര് വിവരങ്ങളും തെളിവുകളും പുറത്തുവിടുമെന്നായിരുന്നു ആശങ്കയോടെയുള്ള ബിജു രമേശിന്റെ പ്രതികരണം.

ബിജുവിനെക്കൊണ്ട് ഇക്കാര്യം പറയിപ്പിച്ചത് ചൂണ്ടിക്കാട്ടി ചര്‍ച്ചയില്‍ പങ്കെടുത്ത ഡൊമിനിക്ക് പ്രസന്റേഷന്‍ ഷാനിയോട് തട്ടിക്കയറിയെങ്കിലും പത്രപ്രവര്‍ത്തന രംഗത്തെ മികച്ച പ്രവര്‍ത്തനമാണ് ഷാനി കാഴ്ച്ചവച്ചതെന്ന് പറഞ്ഞ് ജേക്കബ് ജോര്‍ജ് പ്രതിരോധവുമായി രംഗത്ത് വന്നു. പിന്നീട് ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ഉണ്ണിത്താന്‍ ബിജു രമേശിന്റെ ആരോപണം കള്ളമാണെന്ന് പറയാന്‍ തയ്യാറാകാതെ തെളിവുകള്‍ പുറത്തു വിടാനാണ് ആവശ്യപ്പെട്ടതെന്നതും ശ്രദ്ധേയമായി.

Top