സര്‍ക്കാരിനെ വീഴ്ത്താന്‍ സിപിഎം കരുനീക്കം; ഭിന്നത മറന്ന് വി.എസും പിണറായിയും …

തിരുവനന്തപുരം: ബാലകൃഷ്ണപിള്ളക്കും പി.സി ജോര്‍ജിനും അനുകൂലമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കൂടി പ്രതികരിച്ചത് യുഡിഎഫിനെ വെട്ടിലാക്കുന്നു. ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി കെ.എം മാണിക്കെതിരെ നിലപാട് എടുത്തതിന് മുന്നണിയില്‍ നിന്ന് കേരള കേണ്‍ഗ്രസ് (ബി)യെ പുറത്താക്കാന്‍ നാളെ യോഗം ചേരാനിരിക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പിന്നാലെ വി.എസും ബാലകൃഷ്ണപിള്ളയെ തുണച്ച് രംഗത്ത് വന്നിട്ടുള്ളത്.

ഇടമലയാര്‍ കേസില്‍ പിള്ളയെ അഴിക്കുള്ളിലാക്കിയ വി.എസ് അച്യുതാനന്ദന്‍ അദ്ദേഹത്തിന് അനുകൂലമായ തീരുമാനമെടുക്കുമെന്ന് യുഡിഎഫ് നേതൃത്വം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വി.എസിന്റെ അഴിമതി വിരുദ്ധ മുഖംമൂടി അഴിഞ്ഞുവീണതായാണ് പുതിയ സംഭവ വികാസങ്ങളോടുള്ള യുഡിഎഫ് നേതൃത്വത്തിന്റെ പ്രതികരണം. അഴിമതിക്കെതിരെ പറഞ്ഞത് കൊണ്ടാണ് കേരള കോണ്‍ഗ്രസ് (ബി)യെയും ബാലകൃഷ്ണപിള്ളയെയും യുഡിഎഫ് പുറത്താക്കാന്‍ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പിണറായി യുഡിഎഫ് യോഗത്തിന് ശേഷം നിലപാട് സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഈ നിലപാടിന്റെ ചുവട് പിടിച്ചാണ് അഴിമതിക്കെതിരെ ആരുപറഞ്ഞാലും ഇടത് മുന്നണി പിന്തുണക്കുമെന്ന് വി.എസ് ഇപ്പോള്‍ പ്രതികരിച്ചിട്ടുള്ളത്.’ഇടമലയാര്‍ കേസില്‍ വി.എസ് നല്‍കിയ കേസിനെ തുടര്‍ന്നല്ലെ പിള്ള ജയിലില്‍ പോയത്’എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോള്‍ അഴിമതിക്കെതിരെ എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നതാണ് പ്രസക്തമെന്നാണ് വി.എസ് മറുപടി നല്‍കിയത്. പി.സി ജോര്‍ജിന്റെ കാര്യത്തിലും സമാനമായ നിലപാടാണ് വി.എസ് സ്വീകരിച്ചത്. വി.എസിന്റെ നിലപാട് ഇടത് മുന്നണി യോഗം ചര്‍ച്ചചെയ്യുമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും ജനതാദള്‍ (എസ്) നേതാവ് മാത്യു ടി തോമസും വ്യക്തമാക്കി.

മാണിയെ വെട്ടിലാക്കുന്ന പ്രസ്താവന നടത്തുന്ന ഗവണ്‍മെന്റ് ചീഫ് വിപ്പിനെ ബാലകൃഷ്ണപിള്ളക്കൊപ്പം തള്ളണമെന്ന കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസിലെയും ഒരു വിഭാഗത്തിന്റെ നീക്കത്തിനും വി.എസിന്റെ അപ്രതീക്ഷിത നിലപാട് തിരിച്ചടിയായിട്ടുണ്ട്. പിള്ളക്കെതിരെയും ജോര്‍ജിനെതിരെയും നടപടി സ്വീകരിച്ചാല്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്ന നിരവധി രേഖകള്‍ സോളാര്‍, ബാര്‍കോഴ വിവാദങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുമെന്ന അഭ്യൂഹവും ശക്തമാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ഇനി എന്ത് തീരുമാനമാണ് യുഡിഎഫ് നേതൃത്വം കൈക്കൊള്ളുക എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ഇതിനകം തന്നെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാക്കള്‍ യുഡിഎഫ് നേതൃത്വത്തേയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.

ഇടതുപക്ഷത്തിന്റെ തന്ത്രരപരമായ നീക്കം മുസ്ലീംലീഗിനെയും വെട്ടിലാക്കിയിട്ടുണ്ട്. പിള്ളയെയും പി.സി ജോര്‍ജിനേയും അടര്‍ത്തിമാറ്റി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുമോയെന്ന ആശങ്കയിലാണ് ലീഗ് നേതൃത്വം ഈ രണ്ട് വിഭാഗത്തിനായി രണ്ട് എംഎല്‍എമാരാണ് നിയമസഭയിലുള്ളത്. അസംതൃപ്തരായ മറ്റേതെങ്കിലും എംഎല്‍എമാരെ ഭരണപക്ഷത്ത് നിന്ന് പുറത്തുചാടിക്കാന്‍ കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ പതനം ആസന്നമാകുമെന്ന് ഉറപ്പാണ്.

സിപിഎം എംഎല്‍എ ശെല്‍വനരാജിനെ യുഡിഎഫിലേക്ക് അടര്‍ത്തിമാറ്റുന്നതിന് നിര്‍ണായക പങ്ക് വഹിച്ച പി.സി ജോര്‍ജ് അപകടകാരിയാണെന്ന കാര്യത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് ഒരു സംശയവുമില്ല. അതിനാല്‍ തന്നെ പിള്ളക്കെതിരെ നടപടിയുണ്ടായാലും പിസിക്കെതിരെ നടപടി ഇപ്പോള്‍ പാടില്ലെന്ന നിലപാടിലാണ് യുഡിഎഫിലെ പ്രബല വിഭാഗം.

അതേസമയം പാര്‍ട്ടി സമ്മേളനം പൂര്‍ത്തിയാകുന്നതോടെ സോഷ്യലിസ്റ്റ് ജനതയെയും ആര്‍എസ്പിയെയും ഇടതുമുന്നണിയിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള നീക്കത്തിലാണ് സിപിഎം. നിലവിലെ ജനപിന്തുണയില്ലാത്ത ഘടകകക്ഷികളെ വച്ച് ഭരണം പിടിക്കാന്‍ പറ്റില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഈ നീക്കം.

സോഷ്യലിസ്റ്റ് ജനതയെയും ആര്‍എസ്പിയെയും മുന്നണിയിലേക്ക് തിരിച്ച് കൊണ്ടുവരണമെന്ന വികാരം ജില്ലാ സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ ഉയര്‍ത്തിയിരുന്നു.

Top