സര്‍ക്കാരിന്റെ മദ്യ നിരോധനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് പിണറായി വിജയന്‍

കൊച്ചി: സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന മദ്യ നിരോധനം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ശാസ്ത്രീയമായ പഠനങ്ങളൊന്നുമില്ലാതെയാണ് സര്‍ക്കാര്‍ മദ്യനിരോധനം കൊണ്ടു വന്നത്. ലോകരാജ്യങ്ങളില്‍ പോലും പരീക്ഷിച്ച് പരാജയപ്പെട്ട നയമാണ് കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

തയ്യാറെടുപ്പുകളില്ലാതെയുള്ള നിരോധനം സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കും. മദ്യ നിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് വേണ്ടതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ‘മദ്യനിരോധനം പ്രായോഗികമോ’ എന്ന വിഷയത്തില്‍ കള്ള് ചെത്തുതൊഴിലാളി ഫെഡറേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യനിരോധനത്തെ കുറിച്ച് പഠിച്ച സമിതികളുടെ റിപ്പോര്‍ട്ടുകള്‍ പലതും സര്‍ക്കാരിന്റെ കൈവശമുണ്ട്. ഒരു സമിതിയും മദ്യം നിരോധിക്കണമെന്ന് ഇതുവരെ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. മദ്യ നിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് വേണ്ടതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Top