സാഖിര്‍ റഹ്മാന്‍ ലഖ്‌വിയെ വീണ്ടും കസ്റ്റഡിയില്‍ എടുത്തു

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസില്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായ ലഷ്‌കറെ തോയിബ നേതാവ് സാഖിര്‍ റഹ്മാന്‍ ലഖ്‌വിയെ വീണ്ടും കസ്റ്റഡിയില്‍ എടുത്തു. ലഖ്‌വിയ്ക്ക് കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. ക്രമസമാധാനപാലന നിയമത്തിലെ സെക്ഷന്‍ 16 വകുപ്പ് പ്രകാരം മൂന്ന് മാസത്തേക്ക് കരുതല്‍ തടങ്കലിലാക്കുകയാണെന്ന് പ്രോസിക്യൂഷന്‍ മേധാവി ചൗധരി അസ്ഹര്‍ വ്യക്തമാക്കി.

അതേസമയം ലഖ്‌വിക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ലഖ്‌വിക്ക് ജാമ്യം നല്‍കിയ ഭീകരവിരുദ്ധ കോടതിയുടെ നടപടിക്കെതിരെ ലാഹോര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പാക് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലഖ്‌വിക്ക് കോടതി ജാമ്യം അനുവദിച്ചത്. ലഷ്‌കര്‍ ഇ തോയിബയിലെ മുതിര്‍ന്ന നേതാവായി അറിയപ്പെടുന്നയാളാണ് ലഖ്‌വി. 2008 ഡിസംബറിലാണ് ലഖ്‌വിയെ മുംബൈ ആക്രമണക്കേസില്‍ അറസ്റ്റ് ചെയ്തത്. ലഖ്‌വി ഉള്‍പ്പെടെയുള്ള ഏഴ് പ്രതികള്‍ ബുധനാഴ്ചയാണ് ജാമ്യത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്.

Top