സാധ്വി നിരഞ്ജന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്റെ വിവാദ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വീണ്ടും ബഹളം. വിവാദ പ്രസ്താവന നടത്തിയ സാധ്വിയെ മന്ത്രി സഭയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വച്ചത്. മന്ത്രിക്കെതിരേ കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ നിര്‍ത്തിവെയ്‌ക്കേണ്ടതായി വന്നു.

കഴിഞ്ഞ ദിവസവും സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇതേ തുടര്‍ന്ന് സാധ്വി സഭയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യത്തില്‍തന്നെ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ശ്യാം നഗറില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. ഡല്‍ഹിയില്‍ രാമന്റെ മക്കളുടെ സര്‍ക്കാര്‍ വേണമോ ജാര സന്തതികളുടെ സര്‍ക്കാര്‍ വേണമോ എന്ന് നിങ്ങള്‍ തീരുമാനിക്കണമെന്നായിരുന്നു മന്ത്രി പറഞ്ഞത്.

Top