സിഡ്‌നിയില്‍ ഇന്ത്യക്കാരനെയടക്കം ബന്ദികളാക്കിയയാളെ വധിച്ചു

സിഡ്‌നി : ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ ഇന്ത്യക്കാരനെയടക്കം ബന്ദികളാക്കിയ തോക്കുധാരിയെ 16 മണിക്കൂറിനു ശേഷം പോലിസ് വധിച്ചു. സിഡ്‌നിയിലെ പ്രധാന വ്യാപാരകേന്ദ്രമായ മാര്‍ട്ടിന്‍ പ്ലേസിലെ കോഫിഷോപ്പിലുള്ളവരെയാണ് ആസ്‌ത്രേലിയന്‍ സമയം 9.45ഓടെ തോക്കുധാരി ബന്ദികളാക്കി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. 15ലധികം പേരെയാണ് ബന്ദികളാക്കിയത്. അക്രമകാരിയെ വധിച്ചതായും മുഴുവന്‍ ബന്ദികളെയും രക്ഷപ്പെടുത്തിയതായും ആസ്‌ത്രേലിയന്‍ സുരക്ഷാസേന അറിയിച്ചു.ആയുധധാരി ഇസ്‌ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ആളാണെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്ത് നാലു ബോംബുകള്‍ വച്ചിട്ടുണെ്ടന്നും രണെ്ടണ്ണം കോഫിഷോപ്പിനുള്ളിലും രണെ്ടണ്ണം നഗരത്തിലാണെന്നും ആയുധധാരി അറിയിച്ചു എന്ന റിപോര്‍ട്ട് ജനങ്ങളില്‍ കൂടുതല്‍ ഭീതി പരത്തി. ബന്ദികളാക്കപ്പെട്ട അഞ്ചു പേര്‍ ആദ്യം രക്ഷപ്പെട്ടിരുന്നു. ഇവരില്‍ നിന്നാണ് പോലിസിന് അക്രമിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് അക്രമിയെ വധിക്കാനായതെന്നും പോലിസ് അറിയിച്ചു. കോഫിഷോപ്പിനുള്ളില്‍ കൈകളുയര്‍ത്തിനില്‍ക്കുന്ന ഏതാനും പേരുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു.

ബന്ദിയാക്കപ്പെട്ട് ഇന്ത്യക്കാരന്‍ ആന്ധ്രയില്‍ നിന്നുള്ള ഇന്‍ഫോസിസ് എന്‍ജിനീയര്‍ വിശ്വകാന്ത് അങ്കി റെഡ്ഡിയും സുരക്ഷിതനാണെന്നാണ് ലഭിക്കുന്ന വിവരം.

സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി സംഭവസ്ഥലത്തു നിന്നു 400 മീറ്റര്‍ മാത്രം അകലെയുള്ള സിഡ്‌നിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആസ്‌ത്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ള സുരക്ഷ വര്‍ധിപ്പിച്ചതായി ബി.സി.സി.ഐ. അറിയിച്ചു.

ആസ്‌ത്രേലിയയിലുള്ള ഇന്ത്യന്‍ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. വിനോദ് ബാഡെയുമായി (+61 481 453550) ബന്ധപ്പെടാവുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.

Top