ശ്രീനഗര്‍: വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ബോളിവുഡ് സിനിമ ഹൈദറില്‍ അഭിനയിച്ച ഇമാമിനെ പള്ളിയില്‍ നിന്നും പുറത്താക്കി. ചിത്രത്തില്‍ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഗുലാം ഹസ്സന്‍ ഷായെയാണ് പള്ളി കമ്മിറ്റി പുറത്താക്കിയത്.
സിനിമയില്‍ ഒരു വിവാഹ രംഗത്തിലാണ് ഷാ പ്രത്യക്ഷപ്പെടുന്നത്. അതേസമയം, തന്നെ കബളിപ്പിച്ചാണ് സിനിമയില്‍ അഭിനയിപ്പിച്ചതെന്ന് ഗുലാം ഹസ്സന്‍ ഷാ ആരോപിക്കുന്നു. പഠനാവശ്യങ്ങള്‍ക്കാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തന്നെ ഉള്‍പ്പെടുത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. സിനിമയിലേക്ക് ഈ രംഗങ്ങള്‍ ഉപയോഗിച്ചതിനെ കുറിച്ച് അറിയില്ലെന്നും ഷാ പറഞ്ഞു.
സിനിമയുടെ സംവിധായകനെതിരെയും നിര്‍മാതാവിനെതിരേയും ഷാ നോട്ടീസ് അയച്ചു. തന്നെ കബളിപ്പിച്ചതിന് ക്ഷമാപണം നടത്തണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഷായുടെ ആവശ്യം.ജമ്മുകശ്മീരിലെ ഖാസിഗുണ്ട് ജില്ലയിലെ പള്ളിയില്‍ എട്ട് വര്‍ഷമായി ഇമാമായി പ്രവര്‍ത്തിക്കുകയാണ് ഷാ.
വില്യം ഷേക്‌സ്പിയറിന്റെ ഹാംലറ്റിനെ ആസ്പദമാക്കിയാ ചിത്രമാണ് ഹൈദര്‍. ഷാഹിദ് കപൂറും ശ്രദ്ധ കപൂറും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍.