സിപിഎം സംസ്ഥാന സമ്മേളനത്തിന് വി.എസ് പതാക ഉയര്‍ത്തി

ആലപ്പുഴ: സിപിഎം 21ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കമായി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന്‌സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ദീപശിഖ തെളിയിച്ചു.

ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. പിണറായി വിജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, എ കെ പത്മനാഭന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 4,05,591 പാര്‍ടി അംഗങ്ങളെ പ്രതിനിധാനം ചെയ്ത് 600 പ്രതിനിധികള്‍ പങ്കെടുക്കുന്നു. . സമ്മേളനത്തിനു സമാപനംകുറിച്ച് 23ന് ചുവപ്പുസേനാ മാര്‍ച്ചും ഒരുലക്ഷം പേരുടെ റാലിയും നടക്കും.

വ്യാഴാഴ്ച ഇ എം എസ് സ്റ്റേഡിയത്തിലെ പി കെ ചന്ദ്രാനന്ദന്റെ പേരിലുള്ള പൊതുസമ്മേളന നഗറില്‍ സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ജി സുധാകരന്‍ രക്തപതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. ആലപ്പുഴയില്‍ വീണ്ടുമെത്തിയ സമ്മേളനത്തിന്റെ ചരിത്രവിജയം വിളംബരം ചെയ്ത പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ ഡോ. തോമസ് ഐസക് അധ്യക്ഷനായി. കയ്യൂര്‍ രക്തസാക്ഷികളുടെ മണ്ണില്‍നിന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി കൈമാറി കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തില്‍ എത്തിച്ച പതാകയാണ്, ചുവപ്പുസേനയുടെയും വാദ്യഘോഷത്തിന്റെയും കരിമരുന്നിന്റെയും സാന്നിധ്യത്തില്‍ ആകാശം തൊട്ടത്.

Top