സിപിഎമ്മിലെ പ്രതിസന്ധി ഇടത് കക്ഷികള്‍ക്ക് ആശങ്ക; എഎപിക്ക് പ്രതീക്ഷ

തിരുവനന്തപുരം: അനുരഞ്ജന നീക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും സിപിഎമ്മിലെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ സിപിഐ അടക്കമുള്ള ഇടത് ഘടക കക്ഷികള്‍ക്ക് ആശങ്ക. സമ്മേളന വേദിയില്‍ നിന്ന് വി.എസ് അപ്രതീക്ഷിതമായി ഇറങ്ങിപ്പോന്നതും സിപിഎം സമ്മേളനത്തില്‍ വി.എസിനെതിരെ കുറ്റ വിചാരണ നടക്കുന്നതും വി.എസിന്റെ പുറത്ത് പോക്കില്‍ കലാശിക്കുമോയെന്ന ആശങ്കയിലാണ് ഘടകക്ഷികള്‍.

പ്രതിപക്ഷ നേതാവായ വി.എസ് അച്യുതാനന്ദന് ഇനി പാര്‍ട്ടിയില്‍ സമവായമുണ്ടായാല്‍ പോലും ആ രംഗത്ത് തുടരാന്‍ കഴിയുമോയെന്ന ചോദ്യവും പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ശക്തമാണ്.

സിപിഎമ്മിലെ നിലവിലെ പ്രതിസന്ധി ഉറ്റുനോക്കുന്ന ഘടകകക്ഷികള്‍ വി.എസിനെ പാര്‍ട്ടിയോടും മുന്നണിയോടും ഒപ്പം ഒരുമിച്ച് നിര്‍ത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ്.

സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നമാണെങ്കിലും ഇക്കാര്യങ്ങളില്‍ സിപിഐയുടെ ആശങ്ക സിപിഎം കേന്ദ്ര -സംസ്ഥാന നേതാക്കളെ സിപിഐ നേതൃത്വം അറിയിച്ചതായും സൂചനയുണ്ട്.

പൊതു സമൂഹത്തിനിടയില്‍ നിലവിലെ സാഹചര്യം കടുത്ത അവമതിപ്പ് സൃഷ്ടിടിച്ചതില്‍ സിപിഎം അണികളും അസ്വസ്ഥരാണ്. അതേസമയം നിലവിലെ സാഹചര്യത്തെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ആം ആദ്മി പാര്‍ട്ടി വി.എസ് സിപിഎമ്മില്‍ നിന്ന് പുറത്ത് വന്നാല്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.

അഴിമതിക്കെതിരെ പോരാടുന്ന വി.എസിനെ ലഭിച്ചാല്‍ കേരളത്തില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് എഎപിദേശീയ നേതൃത്വം.

വി.എസുമായി അടുത്ത ബന്ധമുള്ള പ്രശാന്ത് ഭൂഷണെയും സാറാ ജോസഫിനെയും ഇതിനായി പാര്‍ട്ടി നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം വി.എസിനെ അനുനയിപ്പിക്കാന്‍ വി.എസിന്റെ തന്നെ വിശ്വസ്തര്‍ വഴിയും സിപിഎം നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി കേന്ദ്ര നേതാക്കളുടെ ചര്‍ച്ചയോടെ വി.എസ് നാളെ പാര്‍ട്ടി സമ്മേളനത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി അണികള്‍.

Top