സിബിഐയെ ഉപയോഗിച്ച് മോഡി തന്നെ വേട്ടയാടുന്നുവെന്ന് ടീസ്ത സെതല്‍വാദ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി സിബിഐയെ ഉപയോഗിച്ച് തന്നെ വേട്ടയാടുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദ് പറഞ്ഞു.ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കുവേണ്ടി ശബ്ദിച്ചതിനാണ് പകയുമായി മോഡി തന്നെ പിന്തുടരുന്നത്. വിദേശത്തുനിന്നും അനധികൃതമായി പണം കൈപ്പറ്റിയെന്നത് കെട്ടിച്ചമച്ച കേസാണെന്നും ടീസ്ത പറഞ്ഞു.

അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കാമെന്ന് അറിയിച്ചതാണ്. പകവീട്ടുകയല്ലാതിരുന്നുവെങ്കില്‍ സിബിഐയെ ഉപയോഗിച്ച് തന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയത് എന്തിനായിരുന്നുവെന്നും ടീസ്ത ചോദിക്കുന്നു. അന്വേഷണത്തെ തനിക്ക് ഭയമില്ല, കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരാന്‍ ശ്രമിച്ചതിനുള്ള പകതീര്‍ക്കലാണിത്. രാജ്യത്തിന്റെ അധികാരം ഇന്ന് നിയമപാലകരുടെ കൈകളിലല്ല, മറിച്ച് നിയമലംഘകരുടെ കൈകളിലാണെന്നും ടീസ്ത പറഞ്ഞു.

ഇപ്പോഴത്തെ അന്വേഷണം സംഘപരിവാറിനെ കാണിക്കാനാണ്. അതില്‍ മറ്റൊന്നും സംഭവിക്കാനില്ല. മോഡിയുടെ നിര്‍ദ്ദേശം അനുസരിച്ച് തിരിയുന്ന പാവയായ സിബിഐയുടെ അന്വേഷണത്തില്‍ തനിക്ക് വിശ്വാസമില്ല. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിനായി അപേക്ഷ നല്‍കുമെന്നും അവര്‍ പറഞ്ഞു.

Top