ലണ്ടന്‍: ഒരാഴ്ചയായി സൈബര്‍ലോകത്ത് വേദനയായി നിറഞ്ഞു നിന്ന സിറിയയിലെ നാലു വയസുകാരി ഹുദിയയെ ബിബിസി സംഘം കണ്ടെത്തി. നാലുവര്‍ഷം പിന്നിട്ട സിറിയന്‍ കലാപത്തില്‍ എല്ലാം തകര്‍ന്ന ഇരകളെയാണ് അവള്‍ ഓര്‍മിപ്പിക്കുന്നത്.
സിറിയയിലെ ഒരു അഭയാര്‍ഥി ക്യാമ്പിലത്തെിയ പ്രസ് ഫോട്ടോഗ്രാഫര്‍ അവളുടെ ചിത്രം പകര്‍ത്താനായി കാമറ കൈയിലെടുത്തപ്പോള്‍ തോക്കെന്നു കരുതി രണ്ടു കൈകളും മേല്‍പോട്ടുയര്‍ത്തി ഭയത്തോടെ നോക്കുകയാണ്. സിറിയയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ നേര്‍ച്ചിത്രം കൂടിയാണ് ‘കീഴടങ്ങുന്ന’ ഈ പെണ്‍കുട്ടി.
സൈബര്‍ ലോകത്ത് വ്യാപകമായി പ്രചരിച്ച ഈ ചിത്രം തുടര്‍ന്നുള്ള ദിവസങ്ങളില്‍ പല അന്താരാഷ്ട്ര ദിനപത്രങ്ങളുടെയും ഒന്നാം പേജില്‍ സ്ഥാനംപിടിച്ചു.
പക്ഷേ, അപ്പോഴും പല ചോദ്യങ്ങളും ബാക്കിയായി. മാധ്യമലോകം ആഘോഷിക്കുന്ന ഈ പെണ്‍കുട്ടി യഥാര്‍ഥത്തില്‍ ആരാണ്? ഏത് അഭയാര്‍ഥി ക്യാമ്പില്‍നിന്നാണ് ഈ ഫോട്ടോ പകര്‍ത്തിയത്? ഏത് മാധ്യമഫോട്ടോഗ്രാഫറാണ് ഈ ചിത്രത്തിനു പിന്നില്‍? സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനിന്നപ്പോഴും ഈ ചിത്രത്തിന്റെ ആധികാരികതയിലും പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ഉറവിടം തേടാന്‍ ബിബിസി തീരുമാനിച്ചത്. ആ അന്വേഷണം വിജയിക്കുകയും ചെയ്തു.
ഇവള്‍ ഹുദിയ. തുര്‍ക്കി അതിര്‍ത്തിയില്‍നിന്ന് 10 കിലോമീറ്റര്‍ മാറി സിറിയയിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ മാതാവിനും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പം താമസിക്കുന്നു. ഇവിടെനിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഹമായില്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ സൈന്യം വ്യോമാക്രമണം ശക്തമാക്കിയതോടെ അവിടെനിന്നു രക്ഷപ്പെട്ട പതിനായിരക്കണക്കിന് കുടുംബങ്ങളില്‍ ഒന്നാണ് ഹുദിയയുടേത്.
തുര്‍ക്കിക്കാരനായ ഉസ്മാന്‍ സഗീര്‍ലി എന്ന മാധ്യമ ഫോട്ടോഗ്രാഫറാണ് ഹുദിയയെ ലോകത്തിനുമുന്നില്‍ കൊണ്ടുവന്നത്. ലോകത്തെ പല യുദ്ധമുഖങ്ങളും അദ്ദേഹം കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി അദ്ദേഹം പ്രവര്‍ത്തിക്കുന്ന ‘തുര്‍കീ’ എന്ന ടര്‍ക്കിഷ് പത്രത്തിലാണ് ഈ ചിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു അത്.
‘ടെലിഫോട്ടോ ലെന്‍സ് ഉപയോഗിച്ചാണ് സാധാരണയായി ഞാന്‍ ഫോട്ടോ എടുക്കാറുള്ളത്. ഇതിന്റെ രൂപം കണ്ട് അവള്‍ (ഹുദിയ) അതൊരു ആയുധമായിരിക്കുമെന്ന് ധരിച്ചതാകാം. ഏറെ ഭയത്തോടെ അവള്‍ അതിലേക്ക് നോക്കി നിന്നു. ആ ക്യാമ്പിന്റെ ദൈന്യത ലോകത്തെ അറിയിക്കാന്‍ ഇതിലും മികച്ചൊരു രംഗമില്ലെന്ന് ആ നിമിഷം എനിക്ക് തോന്നി. അങ്ങനെയാണ് ആ ചിത്രം പിറക്കുന്നത് ‘. ഉസ്മാന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
‘തുര്‍ക്കി’ പത്രത്തില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചതു മുതല്‍ ടര്‍ക്കിഷ് ഭാഷയിലുള്ള സോഷ്യല്‍ മീഡിയകളില്‍ ഈ ചിത്രം പ്രചരിച്ചിരുന്നു. എന്നാല്‍, ഇംഗ്‌ളീഷ് ഭാഷയിലുള്ള സോഷ്യല്‍മീഡിയകളില്‍ ചിത്രം വന്നതോടെയാണ് മലയാളത്തിലുള്‍പ്പെടെ ഹുദിയ സുപരിചിതയായത്. അതിനിടയാക്കിയതാകട്ടെ, ഗാസയില്‍നിന്നുള്ള ഒരു ട്വിറ്റര്‍ പോസ്റ്റായിരുന്നു. ഗാസയിലെ നാദിയ അബൂ ഷബാന്‍ എന്ന വനിതാ ഫോട്ടോജേണലിസ്റ്റാണ് ആദ്യമായി ഈ ചിത്രം ട്വീറ്റ് ചെയ്തത്. അഞ്ചുദിവസം കൊണ്ട് ഈ ട്വീറ്റ് 15,000 പേര്‍ ഷെയര്‍ ചെയ്തു.