സുധീരനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കള്‍

തൃശൂര്‍: മദ്യ മാഫിയക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോകുന്ന കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ ഇമേജ് തകര്‍ക്കാന്‍ ബാര്‍ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയും വ്യവസായി ഗോകുലം ഗോപാലനും രംഗത്തിറങ്ങിയത് ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെ.

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മിക്ക കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കളും തന്നെ വിളിച്ച് സുധീരന്റെ നിലപാടില്‍ ഖേദം പ്രകടിപ്പിച്ചതായി ഗോകുലം ഗോപാലന്‍ അറിയിച്ചത് അണിയറയിലെ ‘ഗൂഡാലോചന’ വെളിവാക്കുന്നതാണ്.

എ,ഐ ഗ്രൂപ്പുകളുടെ കണ്ണിലെ കരടായ വി.എം സുധീരനെ ഏത് വിധേനയും ഒതുക്കാന്‍ കാത്തിരിക്കുന്ന ഗ്രൂപ്പ് നേതാക്കളുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ് ആരോപണമുന്നയിച്ച രാജ്കുമാര്‍ ഉണ്ണിയും ഗോകുലം ഗോപാലനും.

ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയാകാന്‍ ആഗ്രഹിക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും മുഖ്യമന്ത്രി സ്ഥാനത്ത് ഇനിയും തുടരാന്‍ ആഗ്രഹിക്കുന്ന ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സുധീരന്റെ ഇമേജ് വെല്ലുവിളിയാണ്. ഹൈക്കമാന്‍ഡുമായും എ.കെ ആന്റണിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് പോലെ ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്‍ഡ് നിയോഗിക്കുമോ എന്ന ഉള്‍ഭയം എ-ഐ ഗ്രൂപ്പ് നേതാക്കള്‍ക്കുണ്ട്.

ഉമ്മന്‍ചാണ്ടിയുമായി പല കാര്യങ്ങളിലും അതൃപ്തിയുള്ള കേരള കോണ്‍ഗ്രസ് (എം)നും മുസ്ലീം ലീഗിനും സുധീരന്‍ സ്വീകാര്യനുമാണ്. മദ്യ നിരോധനമായി ബന്ധപ്പെട്ട് വി.എം സുധീരന്‍ എടുത്ത നിലപാടിന് പൊതു സമൂഹത്തില്‍ ലഭിച്ചിരുന്ന സ്വീകാര്യതയാണ് ഘടകകക്ഷികള്‍ക്ക് പോലും സുധീരനെ സ്വീകാര്യനാക്കിയതെന്ന തിരിച്ചറിവാണ് ഇപ്പോള്‍ ഇമേജ് തകര്‍ക്കുന്ന രീതിയില്‍ എത്തിയിരിക്കുന്നത്.

ഗോകുലം ഗോപാലനൊപ്പം വേദി പങ്കിടാന്‍ വിസമ്മദിച്ച സുധീരന്റെ നടപടി ഒരു കാരണമാക്കി എതിര്‍ വിഭാഗം ആഞ്ഞടിക്കുകയായിരുന്നുവത്രെ.
മദ്യ വില്‍പ്പനക്കാരനായ ദിലീപ് കുമാറിന്റെ കാര്‍ വര്‍ഷങ്ങളോളം സുധീരന്‍ ഉപയോഗിച്ചുവെന്നാണ് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ആരോപിച്ചിരുന്നത്.

എന്നാല്‍ ദിലീപിന്റെ പിതാവ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ സാഹചര്യത്തില്‍ ടി.എന്‍ പ്രതാപന്‍ ഇടപെട്ടാണ് കോണ്‍ഗ്രസില്‍ നിന്ന് അവഗണിക്കപ്പെട്ടിരുന്ന സുധീരന് പ്രവര്‍ത്തനങ്ങള്‍ക്കായി ഇടക്ക് കാര്‍ വിട്ടുകൊടുപ്പിച്ചിരുന്നത്. ആ കാലഘട്ടത്തില്‍ ദിലീപിന് മദ്യ കച്ചവടമുണ്ടായിരുന്നില്ലെന്ന് ദിലീപ് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

93,97 കാലഘട്ടത്തില്‍വയനാട്ടില്‍ കള്ള് -ചാരായ ഷാപ്പും 94ല്‍ കോഴിക്കോട് വിദേശ മദ്യ വില്‍പ്പനയും താന്‍ നടത്തിയിരുന്നതായാണ് ദിലീപിന്റെ വെളിപ്പെടുത്തല്‍. ബാറുടമകളുടെ നിലവിലെ ആരോപണം രാഷ്ട്രീയ മുതലെടുപ്പിനാകാമെന്ന് കൂടി ദിലീപ് ആരോപിച്ചത് രാജ്കുമാറിന്റെയും ഗോകുലം ഗോപാലന്റെയും ‘ഉദ്യേശത്തെ’ ചോദ്യം ചെയ്യുന്നതാണ്.

സുധീരന്റെ ഭാര്യ സഹോദരിക്ക് നാല് ബാറുകള്‍ ഉണ്ടെന്ന രാജ്കുമാറിന്റെ ആരോപണത്തെയും സുധീരന്‍ അനുകൂലികള്‍ തള്ളിക്കളയുകയാണ് ചെയ്യുന്നത്.

ഭാര്യ സഹോദരിയുടെ ബാര്‍ അടക്കം പൂട്ടിക്കാന്‍ നിലപാടെടുത്ത സുധീരനെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുകയാണ് വേണ്ടതെന്നാണ് അവരുടെ അഭിപ്രായം.

Top