സുനന്ദ പുഷ്‌കര്‍ മരുന്നുകള്‍ക്ക് അടിമയായിരുന്നതായി സുഹൃത്ത് തേജ് സരഫ്

ഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരുന്നുകള്‍ക്ക് അടിമയായിരുന്നതായി സുനന്ദയുടെ അടുത്ത സുഹൃത്ത് തേജ് സരഫ്. വിചിത്രമായ മാനസികാവസ്ഥയും പെരുമാറ്റവുമായിരുന്നു അവരുടേതെന്നും അദ്ദേഹം പറഞ്ഞു. മരിക്കുന്നതിന് ദിവസങ്ങള്‍ മുമ്പ് 2013 ഡിസംബറില്‍ സുനന്ദയ്ക്കും ശശി തരൂരിനും താന്‍ ഗോവയില്‍ വിരുന്നു ഒരുക്കിയിരുന്നു. ഗോവയിലെ യാത്രയ്ക്കിടയില്‍ രണ്ട് തവണ സുനന്ദ തലചുറ്റി വീണു. അവര്‍ക്ക് നന്നായി ഭക്ഷണം കഴിക്കാനൊ ഉറങ്ങാനൊ കഴിഞ്ഞിട്ടില്ല. വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നു അവര്‍.

പോലീസ് ചോദിച്ചാല്‍ ഇക്കാര്യങ്ങളെല്ലാം പറയാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കൈനിറയെ മരുന്നുകളെടുത്ത് കഴിക്കുന്നത് കണ്ടപ്പോള്‍ ഇത് എന്തിന് വേണ്ടിയാണ് ചോദിച്ചപ്പോള്‍ തനിക്ക് നന്നായി ഉറങ്ങാന്‍ കഴിയുന്നില്ല. വര്‍ഷങ്ങളായി നേരെചൊവ്വേ ഉറങ്ങാറില്ല. അതുകൊണ്ട് അല്‍പ്രാക്‌സും നിരവധി വേദനസംഹാരികളും കഴിക്കാറുണ്ടെന്നാണ് അവര്‍ പറഞ്ഞത്.

സുനന്ദയ്ക്ക് ലൂപസ് ഉള്‍പ്പടെയുള്ള രോഗങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് അത് നിരാകരിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പാണ് ലൂപസിനെക്കുറിച്ച് അവര്‍ ആദ്യമായി തന്നോട് പറഞ്ഞതെന്ന് സരഫ് പറഞ്ഞു. ലൂപസ് ചികിത്സയില്‍ വിദഗ്ധനായ ഒരു ഡോക്ടറെ പരിചയപ്പെടുത്താമെന്ന് തന്റെ മകന്‍ അവരോട് പറഞ്ഞെങ്കിലും അവര്‍ അതില്‍ താത്പര്യം കാണിച്ചില്ല. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന കഥകള്‍ കണ്ടാണ് ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top