ന്യൂഡല്‍ഹി: വെറ്ററന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗില്‍ മല്‍സരിക്കുമെന്ന സെവാഗിന്റെ വാക്കുകളെ ഉദ്ധരിച്ചാണ് വിരമിക്കാന്‍ ഒരുങ്ങുന്നതായി സൂചനകള്‍ ലഭിച്ചത്. 2013 മാര്‍ച്ചിലായിരുന്നു സെവാഗ് അവസാനമായി ക്രീസിലിറങ്ങിയത്. ഈ രഞ്ജിട്രോഫിക്ക് ശേഷം ഔദ്യോഗിക ക്രിക്കറ്റില്‍നിന്നു വിരമിക്കുമെന്നാണ് സെവാഗ് നല്‍കുന്ന സൂചന.
ഇന്നലെ ദുബായ്‌യില്‍ മാസ്റ്റേഴ്‌സ് ട്വന്റി20 ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സെവാഗ് പങ്കെടുക്കുന്നതിനിടെയാണ് വിരമിക്കല്‍ സൂചന സേവാഗ് നല്‍കിയത്. സെവാഗിന്റെ മാസ്റ്റേഴ്‌സ് ലീഗില്‍ കളിക്കാന്‍ താത്പര്യമുണ്ടോ എന്നു ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് സച്ചിന്‍ നേതൃത്വം നല്‍കുന്ന മാസ്റ്റേഴ്‌സ് ലീഗില്‍ വിരമിച്ച താരങ്ങള്‍ക്കാണ് സ്ഥാനമെന്നും താന്‍ വിരമിച്ചിട്ടില്ലെന്നും സെവാഗ് പറഞ്ഞു. നാട്ടില്‍ മടങ്ങിയെത്തി വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം മാസ്റ്റേഴ്‌സ് ലീഗില്‍ കളിക്കാന്‍ താനുമുണ്ടാകുമെന്നും വീരു കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് വിരേന്ദര്‍ സെവാഗ് വിരമിച്ചു എന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
തുടര്‍ന്ന സെവാഗ് തന്നെ ഇക്കാര്യം നിഷേധിച്ചുകൊണ്ട് വാര്‍ത്താക്കുറിപ്പിറക്കി. താന്‍ ഇതുവരെ വിരമിച്ചിട്ടില്ലെന്നും ഈ രഞ്ജി സീസണ്‍ കഴിഞ്ഞിട്ടേ അതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും സെവാഗ് പറഞ്ഞു. ഇപ്പോള്‍ ഹരിയാനക്കുവേണ്ടി രഞ്ജി ട്രോഫിയില്‍ കളിച്ചു വരികയാണ് സെവാഗ്.
ഇന്ത്യക്കായി 104 ടെസ്റ്റുകളും,251 ഏകദിനങ്ങളും 19 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള സെവാഗ് ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ ഇന്ത്യന്‍ താരമാണ്. ടെസ്റ്റില്‍ ഒന്നിലധികം തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരവുമാണ് സെവാഗ്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും എണ്‍പതിലധികം സ്‌ട്രൈക്ക് റേറ്റുള്ള സേവാഗ് 1999ലാണ് ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്.
ആധുനിക യുഗത്തിലെ വിവിയന്‍ റിച്ചാര്‍ഡ്‌സണ്‍ ആയിട്ടാണ് പല പ്രമുഖരും സെവാഗിനെ വിലയിരുത്തുന്നത്.