ജക്കാര്‍ത്ത: ഇന്ത്യയുടെ സൈന നെഹ്വാള് ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ കടന്നു. ആദ്യമായാണ് സൈന ലോകചാമ്പ്യഷിപ്പ് സെമിയില്‍ കടക്കുന്നത്. ക്വാര്‍ട്ടറില്‍ ചൈനീസ് താരവും മുന്‍ ലോക ചാമ്പ്യനുമായ യിഹാന് വാങ്ങിനെ തോല്‍പ്പിച്ചാണ് ലോക രണ്ടാം റാങ്കുകാരിയായ സൈന സെമിയില്‍ കടന്നത്. സ്കോര്‍: 21-15, 19-21, 21-19. സെമിയിലെത്തിയതോടെ സൈന ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലുറപ്പിച്ചു.
സെമിയില്‍ ഇന്തൊനീഷ്യയുടെ ലിന്‍ഡാവെനി ഫനേത്രിയാണ് സൈനയുടെ എതിരാളി. ലോക നാലാം നമ്പര്‍ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിംഗിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ അട്ടിമറിച്ചാണ് ലിന്ഡൊവാനി സെമിയിലെത്തിയത്. ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ കരോളിന മാരിനും സെമിയിലെത്തിയിട്ടുണ്ട്.
അതേസമയം, ലോകചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നാം മെഡല്‍ തേടിയിറങ്ങിയ പി.വി. സിന്ധുവിന് ക്വാര്‍ട്ടറില്‍ കാലിടറി. വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യവും ക്വാര്‍ട്ടറില്‍ പുറത്തായി.
ദക്ഷിണകൊറിയയുടെ സംഗ് ജി ഹ്യുംഗിനോട് ഒന്നിനെതിരേ രണ്ടു ഗെയിമിനായിരുന്നു സിന്ധുവിന്റെ പരാജയം. 11-ാം സീഡായ സിന്ധു എട്ടാം സീഡായ കൊറിയന്‍ താരത്തോട് 17-21, 21-19, 16-21 എന്ന സ്കോറിനു പരാജയപ്പെട്ടു. 2013ലും 12014ലും ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു വെങ്കലം നേടിയിരുന്നു.
സിന്ധു മാത്രമായിരുന്നു ഇതുവരെ ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുള്ള ഇന്ത്യന്‍ വനിതാ താരം. സിന്ധുവിന്റെ കൂടെ ഇപ്പോള്‍ സൈനയും എത്തി.
വനിതാ ഡബിള്‍സില്‍ ജപ്പാന്റെ നാവോകോ ഫുകുമാന്- കരുമി യോനാവോ സഖ്യത്തോടാണ് ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യം പരാജയപ്പെട്ടത്. സ്കോര്‍ 23-25, 14-21. ഇതോടെ മെഡല്‍ നേടാനുള്ള ഇന്ത്യന്‍ സഖ്യത്തിന്റെ അവസരം നഷ്ടമായി.
നേരത്തെ കിഡംബി ശ്രീകാന്ത്, എച്ച്.എസ്. പ്രണോയി, പാരുപള്ളി കശ്യപ് എന്നിവര്‍ പുറത്തായിരുന്നു. ഇനി സൈനയില്‍ മാത്രമാണ് ഇന്ത്യന്‍ പ്രതീക്ഷ.