സ്വര്‍ണക്കടത്ത് സിബിഐ അന്വേഷണം ഉന്നതരിലേക്കും

നെടുമ്പാശേരി: കൊച്ചി വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തു സംബന്ധിച്ച സിബിഐ അന്വേഷണത്തില്‍ ഉന്നതരും ഉള്‍പ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് എമിഗ്രേഷനിലെ രണ്ട് എസ്‌ഐമാരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ട്രാവല്‍ ഏജന്‍സിയെയും സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാരനേയും പിടികൂടിയിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണു സിബിഐ കാലതാമസം കൂടാതെ അന്വേഷണച്ചുമതല ഏറ്റെടുത്തത്.

സംഭവത്തില്‍ ഉന്നതരുടെ ഒത്താശയുണ്ടെന്നാണു സിബിഐ നിഗമനം. ബന്ധപ്പെട്ട സിബിഐ ഉദ്യോഗസ്ഥര്‍ വ്യാപകമായ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചുവരികയാണ്. വിമാനത്താവളത്തില്‍ ഇവര്‍ രേഖകളെല്ലാം പരിശോധിച്ചു കഴിഞ്ഞു. സിസിടിവി ദൃശ്യങ്ങളും ഇവര്‍ ശേഖരിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ടും വീസയും പരിശോധിക്കാന്‍ ചുമതലയുള്ള എമിഗ്രേഷനിലെ ഉദ്യോഗസ്ഥന്‍മാരാണു സ്വര്‍ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തത്. ഇതുവഴി ലക്ഷക്കണക്കിനു രൂപ കോഴയായി കൈപ്പറ്റിയിട്ടുണെ്ടന്നും തെളിഞ്ഞിട്ടുണ്ട്.

യാത്രക്കാര്‍ അനധികൃതമായി കൊണ്ടുവരുന്ന സ്വര്‍ണം എമിഗ്രേഷന്‍ ഭാഗത്തുള്ള ടോയ്‌ലറ്റിന്റെ ഫ്‌ളഷ് ടാങ്കിലും മറ്റു ശ്രദ്ധിക്കപ്പെടാത്ത സ്ഥലങ്ങളിലും വയ്ക്കും. ഇതിനു നിര്‍ദേശം നല്കിയ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ഈ സ്വര്‍ണം സുരക്ഷിതമായി എടുത്ത് യാത്രക്കാരന്‍ പുറത്തു കടക്കുമ്പോള്‍ അയാള്‍ക്ക് കൈമാറും. എമിഗ്രേഷന്‍ ഉദ്യോഗസ്ഥനു കസ്റ്റംസ് പരിശോധനയില്ല. യാത്രക്കാരന്‍ വെറുംകൈയോടെ വരുന്നതിനാല്‍ അയാളെയും പിടിക്കില്ല. ഈ വിദ്യ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്നുണെ്ടന്നാണ് അറിയുന്നത്.

Top