സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഇടപാടില്‍ റോബര്‍ട്ട് വധ്രക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ന്യുഡല്‍ഹി: ഹരിയാനയിലും രാജസ്ഥാനിലുമായി സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ പേരില്‍ റോബര്‍ട്ട് വധ്ര നടത്തിയ ഭൂമിയിടപാടുകളും സാമ്പത്തിക ഇടപാടുകളും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നു. സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രിന്‍സിപ്പല്‍ ഓഫീസര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി. വെള്ളിയാഴ്ച നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ഹരിയാനയിലെ മനേസറില്‍ 3.53 ഏക്കറും രാജസ്ഥാനിലെ ബിക്കാനറില്‍ 470 ഏക്കറുമാണ് സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഏറ്റെടുത്തിട്ടുള്ളത്. ഹരിയാനയില്‍ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഡി.എല്‍.എഫും അവരുടെ അസോസിയേഷനായ ഓംങ്കാരേശ്വര്‍ പ്രൊപ്പര്‍ട്ടീസുമായി നടത്തിയ ഇടപാടിന്റെയും കൊമേഴ്ഷ്യല്‍ കോളനി ലൈസന്‍സ് നേടിയതിന്റെ രേഖകള്‍ ഹാജരാക്കാനും ആദായ നികുതി വകുപ്പ് നിര്‍ദേശം നല്‍കി.

2005-06 വര്‍ഷങ്ങള്‍ മുതല്‍ നടത്തിയ ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇതു സംബന്ധിച്ച് ഡിസംബര്‍ 24ന് വധ്രയ്ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 22 ചോദ്യങ്ങളാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. കമ്പനിക്ക് ഭൂമി വിറ്റവരുടെ പട്ടിക, കമ്പനി സ്വീകരിച്ച വായ്പകള്‍, 200506 മുതലുള്ള മ്പനി ബോര്‍ഡ് ഡയറക്‌ടേഴ്‌സ് യോഗത്തിന്റെ മിനിറ്റ്‌സ്, 2012 മാര്‍ച്ച് 31നു സമര്‍പ്പിച്ച ബാലന്‍സ് ഷീറ്റില്‍ 79.56 ലക്ഷം രൂപ കുറവ് വരുത്തിയതില്‍ വിശദീകരണം, ഓംങ്കാരേശ്വര്‍ പ്രൊപ്പര്‍ട്ടീസുമായുള്ള ബന്ധം, ഡി.എല്‍.എഫ് കമ്പനികളില്‍ നിന്നുള്ള വായ്പകളുടെ വിശദാംശം, മനേസറിലെ ഭൂമി വാങ്ങുന്നതിനുള്ള പണത്തിന്റെ ഉറവിടം, കാര്‍ഷിക ഭൂമി വില്‍പ്പനയിലെ ലാഭത്തിന്റെ വിശദാംശം തുടങ്ങിയ വിഷയങ്ങളാണ് ആദായ നികുതി വകുപ്പ് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Top