തൃശൂര്‍: സിപിഎം ഹര്‍ത്താലിനോടനുബന്ധിച്ച് പാവറട്ടി മേഖലയില്‍ സംഘര്‍ഷം. മുല്ലശേരി പഞ്ചായത്തിലെ തിരുനെല്ലൂരും പറമ്പന്തളി പ്രദേശത്തും ബിജെപി അനുകൂലികളുടെ വീടുകള്‍ക്കുനേരേ തിങ്കളാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായി. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. മുല്ലശേരിയിലും പൂവത്തൂരിലും പോലീസ് ഇടപെട്ടാണ് അക്രമങ്ങളില്‍നിന്നും സിപിഎം പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.
പുലര്‍ച്ചെ പറമ്പന്തളി ക്ഷേത്രത്തിനുസമീപം ബിജെപി അനുകൂലികളായ പറമ്പന്തളി പാലൊളി വീട്ടില്‍ കുട്ടന്, പറാപറമ്പില്‍ രജീഷ്, മുള്ളത്ത് സച്ചിദാനന്ദന്, തണ്ടാംപറമ്പില് സിദ്ധാര്ഥന് എന്നിവരുടെ വീടുകള്‍ക്കുനേരേ സോഡാ കുപ്പികൊണ്ട് ഏറുണ്ടായി. ജനല്‍ചില്ലുകളും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയുടെ ഗ്ലാസുകളും തകര്‍ന്നനിലയിലാണ്. തിരുനെല്ലൂരിലും ബിജെപി അനുകൂലികളായ രണ്ടുപേരുടെ വീടുകള്‍ക്കുനേരേ ആക്രമണം നടന്നു. പോവില് തിരുവാമഠത്തില്‍ പുരുഷോത്തമന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ കമ്പിവടികൊണ്ട് അടിച്ചുതകര്‍ത്ത നിലയിലാണ്. തിരുനെല്ലൂര്‍ ഊരുപറമ്പില്‍ അശോകന്റെ വീടിന്റെ വാതിലും തകര്‍ത്തിട്ടുണ്ട്. വീട്ടുമുറ്റത്ത് പാര്‍ക്കുചെയ്തിരുന്ന ബൈക്ക് ചവുട്ടി താഴെയിട്ട നിലയിലാണ്.