ഹിന്ദു യുവതിയോട് സംസാരിച്ച മുസ്ലീം യുവാവിനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

മംഗളൂരു: ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചതിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം വിവസ്ത്രനാക്കി ഒരു മണിക്കൂറിലധികം തിരക്കേറിയ കച്ചവട സ്ഥലത്ത് കെട്ടിയിട്ടു. മംഗളൂരുവിലാണ് സംഭവം. യുവാവിനെ വിവസ്ത്രനാക്കി, തൂണില്‍ കെട്ടിയിട്ട ശേഷം ഓരോരുത്തരായി ചാട്ട കൊണ്ട് അടിക്കുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ പ്രാദേശിക കേബിള്‍ ടെലിവിഷന്‍ ചാനല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് ശേഷമാണ് പൊലീസുകാര്‍ സ്ഥലത്തെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനയായ ബാജ്‌റംഗ്ദളിന്റെ പ്രവര്‍ത്തകരായ 14 പേരെ അറസ്റ്റ് ചെയ്തു.

മാംഗളൂരിലുള്ള ഒരു കടയിലെ മാനേജരാണ് യുവാവ്. അതേ കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന യുവതിയായിരുന്നു ഒപ്പമുണ്ടായിരുന്നത്. യുവതി മാനേജരോട് രണ്ടായിരം രൂപ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ പോകുന്നതിനിടെ കൈയ്യില്‍ കത്തിയുമായി ശ്ലോകങ്ങളും ചൊല്ലിയെത്തിയ സംഘം തങ്ങളെ ഉപദ്രവിക്കുകയായിരുന്നെന്ന് യുവാവ് പൊലീസില്‍ പരാതി നല്‍കി. സഹപ്രവര്‍ത്തകനെ സഹായിക്കാനെത്തിയ യുവതിയെ സംഘാംഗങ്ങള്‍ അടിച്ചു പരിക്കേല്‍പ്പിച്ചു.

Top