തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഡിജിപി ജേക്കബ് തോമസിന് കടുത്ത പ്രതിഷേധം. എഡിജിപി റാങ്കിലുള്ള ആളിരുന്ന പൊലീസ് ഹൗസിംഗ് സൊസൈറ്റിയിലേക്ക് മാറ്റിയ നടപടിയാണ് ജേക്കബ് തോമസിനെ പ്രകോപിപ്പിച്ചത്.
ഫയര്‍ സേഫ്റ്റി മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റ് ഉടമകളുമായി ഉണ്ടായ തര്‍ക്കമാണ് ജേക്കബ് തോമസിനെ മാറ്റുന്നതിലേക്ക് വഴിവച്ചത്.
‘ഇങ്ങനെയാണെങ്കില്‍ എവിടെയും ഒന്നും ചെയ്യാതിരിക്കുന്നതാണ് ഭേദമെന്ന്’ ജേക്കബ് തോമസ് തുറന്നടിച്ചു.
ഫ്‌ളാറ്റുകളില്‍ താമസിച്ചവരുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കിയത്. തരംതാഴ്ത്തിയത് എന്തിനാണെന്ന് അറിയേണ്ടതുണ്ട്. ഓരോകാര്യങ്ങള്‍ ചെയ്ത് തുടങ്ങുമ്പോഴും സര്‍ക്കാര്‍ സ്ഥലംമാറ്റുകയാണെന്നും ഡിജിപി ആരോപിച്ചു.
അഴിമതിക്കെതിരായ വിജിലന്റ് കേരള പദ്ധതി പകുതിയായപ്പോഴേക്കും വിജിലന്‍സില്‍ നിന്നും തന്നെ മാറ്റിയതിലുള്ള അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു.
അതേസമയം ചുമതല മാറ്റി നല്‍കിയത് സാധാരണ നടപടിക്രമം മാത്രമാണെന്ന് പറഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിവാദത്തില്‍ നിന്നും ഒഴിഞ്ഞുമാറി.
ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിയെ പ്രതിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതും വിവാദമായ പാറ്റൂര്‍ ഭൂമി തട്ടിപ്പ് കേസ് അന്വേഷിച്ചതും ജേക്കബ് തോമസായിരുന്നു.
ആറുമാസത്തിനുള്ളില്‍ മൂന്നാംതവണയാണ് ജേക്കബ് തോമസിനു കസേര നഷ്ടമാകുന്നത്. അഴിമതിക്കാരായ ആര്‍ക്കും ഭീഷണിയുണ്ടാകാത്തതരത്തിലാണ് ജേക്കബ് തോമസിന്റെ പുതിയ നിയമനം. ഫ്‌ളാറ്റ് മാഫിയ ഒന്നടങ്കം രംഗത്തുവന്നതോടെ മന്ത്രിമാരും ഇദ്ദേഹത്തിനെതിരേ തിരിഞ്ഞിരുന്നു.
ജേക്കബ് തോമസിനെ മാറ്റണമെന്ന് മന്ത്രിസഭായോഗത്തില്‍ പലമന്ത്രിമാരും ആവശ്യപ്പെട്ടിരുന്നു. ഡിജിപിയുടെ പ്രവര്‍ത്തനങ്ങളുമായി ഒത്തുപോകാനാവില്ലെന്ന് മന്ത്രിമാര്‍ പരാതിപ്പെടുകയും ചെയ്തു.