കൊച്ചി: മൂവാറ്റുപുഴ അങ്കനവാടിയിലേക്ക് ഓടിക്കയറിയ തെരുവുനായ്ക്കള്‍ കുട്ടികളെയും ടീച്ചറെയും കടിച്ച് പരിക്കേല്‍പ്പിച്ചു.
തിങ്കളാഴ്ച രാവിലെ കാലാമ്പൂരിലാണ് സംഭവം. കുട്ടികള്‍ മൂത്രപ്പുരയിലേക്ക് പോകുന്നതിന് വാതില്‍തുറന്ന് പുറത്തേക്കിറങ്ങുന്നതിനിടെ പാഞ്ഞെത്തിയ തെരുവുനായ അങ്കണവാടിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. ഉടന്‍ അധ്യാപിക ഷേര്‍ളി നായയെ തുരത്തുവാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സംഭവത്തില്‍ മുടമറ്റത്തില്‍ ജയന്റെ മകന് ആദികൃഷ്ണന്‍ (മൂന്നര), കുന്നത്ത് സുരേഷിന്റെ മകള്‍ മീനാക്ഷി (മൂന്നര) എന്നിവര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ മൂവാറ്റപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദികൃഷ്ണന്റെ മുഖത്തും തലയ്ക്കുമാണ് കടിയേറ്റത്. മീനാക്ഷിയുടെ കൈയിലാണ് കടിച്ചത്.
കാലാമ്പൂര് കൊടിയംപിള്ളില് മോഹനന്റെ പുരയിടത്തില്‍ കെട്ടിയിരുന്ന പശുവിനെയും നായ ആക്രമിച്ചു കടിച്ചു. ആയവന പഞ്ചായത്തില്‍ തെരുവുനായ ശല്യം നാളുകളായി തുടരുന്നു. മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും മൂന്നുമാസത്തിനിടെ അമ്പതോളം പേര്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.