തിരുവനന്തപുരം: സര്‍ക്കാരും ജേക്കബ് തോമസും തുറന്ന പോരിലേക്ക്. അച്ചടക്ക ലംഘനത്തിന് നോട്ടീസ് അയച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഡിജിപി ജേക്കബ് തോമസ്.
തനിക്കെതിരെ തെളിവുണ്ടെങ്കില്‍ അത് വിശദീകരിക്കണമെന്നും ജേക്കബ് തോമസ്. ആദ്യ നോട്ടീസിന് ചീഫ് സെക്രട്ടറിക്ക് നല്കിയ മറുപടിയിലാണ് ഡിജിപി ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
ഫയര്‍ഫോഴ്സ് ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയതിലും ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് വന്ന ശേഷം മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും സര്‍ക്കാരിനെതിരേ സംസാരിച്ചതിനാണ് ഡിജിപിയോട് വിശദീകരണം തേടിയത്.
ജേക്കബ് തോമസ് നടത്തിയ പരാമര്‍ശം ഉചിതമായില്ലെന്നു സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞിരുന്നു. ജേക്കബ് തോമസിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കെ.ബാബുവും പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥനെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരിനു അറിയാമെന്നും അവര്‍ക്കു ചില ലക്ഷ്മണരേഖയുണ്ടെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു.
പ്രസ്താവനകളുടെ പേരില്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ് ജേക്കബ് തോമസിനോട് വിശദീകരണം തേടാന്‍ തീരുമാനിച്ചത്.
അതേസമയം തെളിവുകള്‍ നല്‍കേണ്ടത് ഈ ഘട്ടത്തിലല്ലെന്നം അന്വേഷണ സമിതി രൂപീകരിക്കുമ്പോള്‍ മാത്രം തെളിവ് നോക്കിയാല്‍ മതിയെന്നും ചീഫ് സെക്രട്ടറി ജേക്കബ് തോമസിന് മറുപടി നല്കി.