അച്ചാറിന് ‘മുഖം മിനുക്കാന്‍’ സര്‍വീസ് നിയമം അട്ടിമറിച്ച് കളക്ടര്‍-കമ്മീഷണര്‍ ദമ്പതികള്‍

കൊച്ചി: സര്‍വീസ് നിയമം മറികടന്ന് സ്വകാര്യ അച്ചാര്‍ വിപണനോദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ഐഎഎസ്‌ – ഐപിഎസ് ദമ്പതികളുടെ നടപടിയില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം.

1960-ലെ സര്‍ക്കാര്‍ കോണ്‍ടക്ട് ചട്ടം പ്രകാരം സ്വകാര്യ കമ്പനികളുടെ ബിസിനസ് പ്രമോഷന്‍ പരിപാടികളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന നിയമമാണ് എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യവും ഭാര്യയും തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുമായ നിശാന്തിനിയും ലംഘിച്ചത്.

ഇന്റര്‍ഗ്രോ ഫുഡ്‌സ്, കിച്ചന്‍ ട്രഷേഴ്‌സ് ബ്രാന്‍ഡില്‍ പുറത്തിറക്കിയ ആറ് തരം അച്ചാറുകളുടെ വിപണനോദ്ഘാടന ചടങ്ങിലാണ് രാജമാണിക്യവും നിശാന്തിനിയും പങ്കെടുത്തത്.
ഇരുവര്‍ക്കും ആദ്യ പായ്ക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചതാകട്ടെ ഇന്റര്‍ഗ്രോ ഫുഡ്‌സ് സിഇഒയും. പ്രമുഖ പത്രങ്ങളിലെല്ലാം ബിസിനസ് പേജില്‍ ഈ പടം അച്ചടിച്ച വരുകയും ചെയ്തു. പ്രമുഖ പത്രങ്ങള്‍ എല്ലാം വലിയ പ്രാധാന്യത്തേടെയാണ് പടം സഹിതം ഇത് സംബന്ധമായ വാര്‍ത്ത നല്‍കിയത്.

ഐഎഎസ് -ഐപിഎസ് പദവികളുടെ മാന്യത കെടുത്തുന്ന നടപടിയാണ് കളക്ടറുടെയും കമ്മീഷണറുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ഉന്നത് ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത് വിലക്കി കോണ്‍ടക്ട് നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിപിയും പ്രത്യക നിബന്ധനകള്‍ പുറപ്പെടുവിച്ചിരുന്നു.

നേരത്തെ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കളക്ടര്‍ രാജമാണിക്യം ഡിഐജി വേഷമണിഞ്ഞ് പ്രത്യക്ഷപ്പെട്ടത് ഐപിഎസ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം പ്രായമായ വീട്ടമ്മയായി വേഷമിട്ട് നിശന്തിനിയും വായനക്കാരെ വിസ്മയിപ്പിച്ചിരുന്നു.

സ്വപ്നങ്ങളിലെ വേഷമണിഞ്ഞ് പരസ്യമായി പ്രത്യക്ഷപ്പെട്ട ഈ ഐഎഎസ് – ഐപിഎസ് ദമ്പതികള്‍ വീണ്ടും വകുപ്പുകള്‍ക്ക് തലവേദനയുണ്ടാക്കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥരും അസ്വസ്ഥരാണെന്നാണ് സൂചന.

Top