അജിതാ ബീഗത്തിന്റെ ചോദ്യത്തിന് മുന്നില്‍ മുഖം നഷ്ടപ്പെട്ടത് ആഭ്യന്തര വകുപ്പ് മന്ത്രിക്ക്‌

തിരുവനന്തപുരം: നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ എന്തിനാണ് തന്നെ സ്ഥലംമാറ്റിയതെന്ന് അറിയില്ലെന്ന എസ്.പി അജിതാ ബീഗത്തിന്റെ പ്രതികരണത്തില്‍ മുഖം നഷ്ടപ്പെട്ട് ആഭ്യന്തര വകുപ്പ്.

രണ്ട് വര്‍ഷത്തിനിടെ അഞ്ച് തവണ സ്ഥലംമാറ്റപ്പെട്ടതിലുള്ള അമര്‍ഷമാണ് പരസ്യ പ്രതികരണത്തിലൂടെ അജിതാ ബീഗം നടത്തിയത്.

അസ്വസ്ഥതയുണ്ടാക്കുന്നതാണ് ഈ മാറ്റമെന്നും കീഴടങ്ങലല്ലെന്ന കരുതലാണ് തന്റെ ശക്തിയെന്നും ഫേയ്‌സ്ബുക്കിലൂടെ അജിതാ ബീഗം തുറന്നടിച്ചു.

വയനാട്ടില്‍ സര്‍ക്കാര്‍ ഓഫീസില്‍ അതിക്രമം കാണിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ വീട്ടില്‍ റെയ്ഡ് നടത്തി പിടികൂടിയതാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്.

പൊലീസുകാരുടെ സ്ഥലംമാറ്റത്തിലും അസോസിയേഷന്റെ ലിസ്റ്റ് പരിഗണിക്കാതെ മെറിറ്റ് നോക്കി മാത്രം നടപടി സ്വീകരിച്ചതും ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് അജിതാ ബീഗം കണ്ണിലെ കരടായിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ അവരെ സ്ഥലംമാറ്റിയിരിക്കുന്നത്.

ആഭ്യന്തര വകുപ്പില്‍ മികച്ച പ്രതിച്ഛായയുണ്ടായക്കാന്‍ പുകമറ സൃഷ്ടിക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉദ്യേശശുദ്ധിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. അജിതാ ബീഗം പരസ്യമായി പ്രതികരിക്കുമെന്ന് വകുപ്പ് മന്ത്രിയടക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല.

തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ അഞ്ച് മാസം മുന്‍പാണ് മാവോയിസ്റ്റ് വേട്ടക്കുള്ള പ്രത്യേക സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി അജിതയെ വയനാട്ടില്‍ നിയമിച്ചിരുന്നത്.

ഏത് സാധാരണക്കാരനും നേരിട്ട് രാഷ്ട്രീയ ശുപാര്‍ശയില്ലാതെ പരാതി പറയാനും നീതി ലഭ്യമാക്കാനും എസ്.പിയുടെ നേരിട്ടുള്ള ഇടപെടല്‍ വഴിയൊരുക്കിയിരുന്നു.

ജില്ലയിലെ മാതൃകാ എസ്.പിയെന്ന പേര് ചുരുങ്ങിയ കാലംകൊണ്ടാണ് അജിതാ ബീഗം നേടിയെടുത്തിരുന്നത്. ആദിവാസിമേഖലയില്‍ ജോലി ചെയ്യണമെന്ന ആഗ്രഹത്തിലെത്തിയ അജിതാ ബീഗത്തെ മാസങ്ങള്‍ക്കുള്ളിലാണ് ഇപ്പോള്‍ തെറുപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായാണ് പുതിയ നിയമനം.

അതുകൊണ്ടുതന്നെ അജിതാ ബീഗത്തിന്റെ സ്ഥലംമാറ്റത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്.

അജിതാ ബീഗത്തിന് പുറമെ പാലക്കാട് എസ്.പി മഞ്ജുനാഥിനെ ആഭ്യന്തര വകുപ്പ് തെറുപ്പിച്ചതും ഭരണകക്ഷിക്കാരുടെ ശുപാര്‍ശ അവഗണിച്ചതിനാലാണ്.

ഈ രണ്ട് യുവ ഐ.പി.എസുകാരെ അന്യാമായി തെറുപ്പിച്ച് കണ്‍ഫേഡ് എസ്.പിമാരെ തല്‍സ്ഥാനങ്ങളില്‍ പ്രതിഷ്ടിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വളര്‍ന്നിട്ടുള്ളത്.

സുപ്രീംകോടതി ഉത്തരവ് പോലും ലംഘിച്ചുള്ള സ്ഥലംമാറ്റത്തിനെതിരെ ആവശ്യമെങ്കില്‍ കടുത്ത നിലപാട് തന്നെ സ്വീകരിക്കേണ്ടി വരുമെന്ന നിലപാടാണ് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്.

മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള വയനാട് പാലക്കാട് ജില്ലകളിലെ പ്രത്യേക പരിശീലനം ലഭിച്ച എസ്.പിമാരെ മാറ്റിയത് മാവോയിസ്റ്റ് വേട്ടക്കും തിരിച്ചടിയാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

മാവോയിസ്റ്റ് ദമ്പതികളായ രൂപേഷിനേയും ഷൈനയെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലും പാലക്കാട്ടും മലപ്പുറത്തും ശക്തമായ തിരച്ചിലാണ് ആഴ്ചതോറും നടത്തിവരുന്നത്.

ഈയിടെപോലും മുപ്പതിലേറെ പേരുള്ള സംഘത്തെ പാലക്കാട്, വയനാട് അതിര്‍ത്തികളില്‍ കണ്ടതായി ആദിവാസികള്‍ പൊലീസിനെ അറിയിച്ചിരുന്നു.

ആ സംഘത്തിന് വേണ്ടിയുള്ള തിരച്ചലിന് നേതൃത്വം കൊടുത്ത് കൊണ്ടിരിക്കെയാണ് രണ്ട് ഉദ്യോഗസ്ഥരെയും ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ യുവ ഉദ്യോഗസ്ഥരെ മാറ്റിയതില്‍ പ്രതിഷേധിച്ച് സംഘത്തലവനായിരുന്ന ഐ.ജി സുരേഷ് രാജ് പുരോഹിത് ആ ചുമതല ഒഴിഞ്ഞിരുന്നു.

മലപ്പുറം എസ്.പി ദേബേഷ്‌കുമാര്‍ ബഹറയാണ് ഇപ്പോള്‍ തിരച്ചലിന് ചുക്കാന്‍ പിടിക്കുന്നത്. ഈ ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റാന്‍ അണിയറയില്‍ ഇപ്പോള്‍ നീക്കം നടക്കുന്നുണ്ട്.

മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ എസ്.പിമാരെ ഉള്‍പ്പെടുത്തി 2013 ഡിസംബറിലാണ് മാവോയിസ്റ്റുകളെ പിടിക്കാനുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചത്. രണ്ട് മാസം കഴിഞ്ഞപ്പോള്‍ തന്നെ ആഭ്യന്തര വകുപ്പ് ഈ സ്‌ക്വാഡിനെ പൊളിച്ചടുക്കി.

ഐ.പി.എസ് ഉദ്യോഗസ്ഥരെ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു തസ്തികയില്‍ നിന്ന് സ്ഥലംമാറ്റണമെങ്കില്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സിവില്‍ സര്‍വ്വീസ് ബോര്‍ഡിന്റെ അംഗീകാരം വേണമെന്നതാണ് നിലവിലെ നിയമം.

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ ഈ ബോര്‍ഡ് നിലവിലുണ്ടെങ്കിലും കേരളം ഇതുവരെ സമിതി രൂപീകരിച്ചിട്ടില്ല.

ചട്ടം മറികടന്ന് നേരത്തെ നടത്തിയ സ്ഥലംമാറ്റത്തിനെതിരെ അജിതാ ബീഗവും മഞ്ജുനാഥും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നെങ്കിലും ഒന്നരവര്‍ഷമായിട്ടും ഈ ഹര്‍ജി പോലും പരിഗണിച്ചിട്ടില്ല.

ഈ ‘ആനുകൂല്യം’ മുതലെടുത്താണ് ഇപ്പോള്‍ വീണ്ടും ഐ.പി.എസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പന്ത് തട്ടുന്നത്. എന്നാല്‍ അന്യായമായ സ്ഥലംമാറ്റത്തിനെതിരെ അജിതാ ബീഗം പരസ്യമായി രംഗത്ത് വരികയും ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്തതോടെ വെട്ടിലായത് ആഭ്യന്തര വകുപ്പാണ്.

പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന ഐ.പി.എസ് അസോസിയേഷന്റെ യോഗത്തില്‍ കടുത്ത തീരുമാനമുണ്ടായാല്‍ അത് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് വ്യക്തിപരമായ തിരിച്ചടികൂടിയാകും.

ആഭ്യന്തര വകുപ്പിന്റെ രാഷ്ട്രീയ ‘കളിക്കെതിരെ’ ഹൈക്കോടതിയെ സമീപിക്കാന്‍ പൊതു പ്രവര്‍ത്തകരും ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

Top