തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പോടെ സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിന്റെ അടിത്തറ ഇളകിയെന്നു ബോധ്യമായ നേതൃത്വത്തിലെ ഒരു വിഭാഗം മുസ്ലീം ലീഗിനെ അടര്‍ത്തിയെടുക്കാനുള്ള അടവുനയം മിനുക്കിയെടുക്കുന്നു.
മുന്‍പ് മലപ്പുറം ജില്ലയില്‍ പഞ്ചായത്തുകളില്‍ പയറ്റിയ അടവുനയം സംസ്ഥാന വ്യാപാകമാക്കാനുള്ള തന്ത്രങ്ങളാണ് സിപിഎം ഔദ്യോഗികപക്ഷം പയറ്റുന്നത്. ഇതിന്റെ ആദ്യപടിയാണ് ലീഗിനെ ക്ഷണിച്ചുള്ള ഇ.പി ജയരാജന്റെ പ്രസ്താവന. എന്നാല്‍ ഈ നീക്കത്തെ എതിര്‍ത്തുകൊണ്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബി പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ ചെലവിലല്ല ലീഗെന്നും ലീഗിന്റെ ചെലവിലാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നതെന്നുമാണ് ജയരാജന്‍ പ്രതികരിച്ചത്. നേരത്തെ ലീഗിനെ ഇടതുപക്ഷത്തേക്കും ജയരാജന്‍ ക്ഷണിച്ചിരുന്നു.
പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്‌ക്രീം പാര്‍ലര്‍ വിവാദം കത്തിപ്പടരുകയും മലപ്പുറത്ത് കോണ്‍ഗ്രസ് ബന്ധം ആടിഉലയുകയും ചെയ്ത വേളയിലാണ് ലീഗ് യുഡിഎഫ് വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറാന്‍ ശ്രമിച്ചിരുന്നത്.
ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെയായിരുന്നു ഈ നീക്കം. ലീഗ് നേതൃത്വത്തിലെ പാണക്കാട് ഉമറലി തങ്ങളും ഇ. അഹമ്മദ് അടക്കമുള്ള വിഭാഗമാണ് ഇതിനെതിരെ ശക്തമായ നിലപാടെടുത്തത്.
എന്നാല്‍ തുടര്‍ന്നുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് അടവുനയം എന്ന ഓമനപ്പേരില്‍ സിപിഎം- മുസ്ലീം ലീഗ് സഖ്യം യാഥാര്‍ത്ഥ്യമായി. ചരിത്രത്തില്‍ ലീഗിനും യുഡിഎഫിനും മാത്രം ഭരണ നേതൃത്വമുണ്ടായിരുന്ന തീരൂരങ്ങാടി പഞ്ചായത്തില്‍ ആദ്യമായി സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചിരുന്നു. ഇതിന് സമാനമായ രൂപത്തില്‍ ചെങ്കൊടിക്ക് സ്വാധീനമില്ലാതിരുന്ന മേഖലയില്‍പോലും സിപിഎം നേട്ടമുണ്ടാക്കിയിരുന്നു.
എന്നാല്‍ അടവുനയ സഖ്യത്തിന് അധികം ആയുസുണ്ടായില്ല. പിന്നീട് സിപിഎം-ലീഗ് ബന്ധത്തിനെതിരെ വി.എസ് അച്യുതാനന്ദനും ശക്തമായി രംഗത്തെത്തി. ഇതിനുശേഷം ലീഗിന്റെ ‘പൊന്നാപുരം കോട്ട’യായിരുന്ന മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ ലീഗിലെ കെ.പി.എ മജീദിനെ തോല്‍പിച്ച് ടി.കെ ഹംസ പാര്‍ട്ടി ചിഹ്നത്തില്‍ വിജയിച്ചതോടെ ലീഗ്-സിപിഎം അകല്‍ച്ചയും പൂര്‍ത്തിയായി. ഇപ്പോള്‍ സിപിഎമ്മുമായി മൃദുസമീപനമാണ് ലീഗിന്.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച് മുലായത്തിന്റെയും നിധീഷ്‌കുമാറിന്റെയും ജനതാപരിവാറിന്റെ ഭാഗമാകാന്‍ ഇ. അഹമ്മദ് ശ്രമം നടത്തിയിരുന്നു. പക്ഷെ ആ നീക്കം പരാജയമായിരുന്നു.
ശക്തമായ സഖ്യകക്ഷിയില്ലാതെ കേരളത്തില്‍ ഇനി ഭരണം നേടാന്‍ പ്രയാസമാണെന്ന വിലയിരുത്തലാണ് സിപിഎം ഔദ്യോഗികപക്ഷത്തിനുള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം ലീഗിനെ മുന്നണിയിലേക്ക് ആകര്‍ഷിക്കാനാണ് നീക്കം.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗുമായി സഖ്യത്തിലാകാനുള്ള സാധ്യത കുറവാണെങ്കിലും തെരഞ്ഞെടുപ്പിന്‌ശേഷം ലീഗ് പിന്‍തുണയോടെ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതൃത്വവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമുള്ള വ്യക്തിപരമായ അടുപ്പം ഇതിന് സഹായകരമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിലവില്‍ ലീഗ് വിട്ട് ഇബ്രാഹി സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ഐഎന്‍എല്‍ ഇടതുമുന്നണിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പിഡിപിയും ഇടതുപക്ഷത്തെ സഹായിച്ചിരുന്നു. ഈ സഖ്യംകൊണ്ട് ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമായിരുന്നില്ല. 13 എംഎല്‍എമാരുള്ള ലീഗിന് മലബാറില്‍ ശക്തമായ അടിത്തറയാണുള്ളത്.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ എല്ലാ നിയോജകമണ്ഡലത്തിലും ജയപരാജയ സാധ്യതകള്‍ നിര്‍ണ്ണയിക്കാനുള്ള ശക്തി ലീഗിനുണ്ട്. ഇതു മുന്നില്‍ കണ്ടാണ് സിപിഎം- ലീഗുമായുള്ള പഴയ അടവുനയം മിനുക്കിയെടുക്കുന്നത്. ഇക്കാര്യത്തില്‍ വി.എസിന്റെ നിലപാടും നിര്‍ണായകമാകും.
ലീഗുമായി ഏതെങ്കിലും തരത്തില്‍ നീക്കുപോക്കുണ്ടാക്കിയാല്‍ അരുവിക്കര മാതൃകയില്‍ ഭൂരിപക്ഷ സമുദായ അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്ന് പോകുമെന്ന മുന്നറിയിപ്പാണ് വി.എസ് നല്‍കുന്നത്.
മുസ്ലീം ലീഗ് മത പാര്‍ട്ടിയാണെന്ന സിപിഎം നിലപാട് വീണ്ടും വി.എസ് ഉയര്‍ത്തിയാല്‍ അത് ഔദ്യോഗിക നേതൃത്വത്തിന് തിരിച്ചടിയാകും. എന്നാല്‍ അഴിമതിക്കേസില്‍ ജയിലിലടച്ച ബാലകൃഷ്ണ പിള്ളയുമായി വേദിപങ്കിട്ട വി.എസ് ഇക്കാര്യത്തില്‍ കടുത്ത നിലപാട് പരസ്യമായി എടുക്കില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ പ്രതീക്ഷ.