അടിയന്തരാവസ്ഥ ഒഴിവാക്കാമായിരുന്നുവെന്ന് പ്രണാബ് മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: 1975ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഒഴിവാക്കാവുന്നതായിരുന്നുവെന്നും ആ അതിസാഹസികതക്ക് അവര്‍ കടുത്ത വില നല്‍കേണ്ടി വന്നുവെന്നും രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. മൗലികാവകാശങ്ങള്‍ റദ്ദാക്കിയും വ്യാപകമായ അറസ്റ്റ് നടത്തിയും മാധ്യമങ്ങളെ കര്‍ശന സെന്‍സര്‍ഷിപ്പിന് വിധേയമാക്കിയും അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത് ജനങ്ങളെ ദോഷകരമായി ബാധിച്ചുവെന്നും പ്രണാബ് മുഖര്‍ജി പറയുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ദി ഡെമോക്രാറ്റിക് ഡെകേഡ്: ദി ഇന്ദിരാ ഇയേഴ്‌സിലാണ് വന്‍ ചര്‍ച്ചയായേക്കാവുന്ന ഈ വിലയിരുത്തലുകള്‍ നടത്തുന്നത്.

ഇന്ദിരാഗാന്ധിക്ക് കീഴില്‍ മന്ത്രിയായിരുന്ന പ്രണാബ് അന്നത്തെ പ്രതിപക്ഷത്തേയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ജയപ്രകാശ് നാരായണന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധമില്ലായിരുന്നുവെന്ന് മുഖര്‍ജി പുസ്തകത്തില്‍ പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള ഭരണഘടനാ വ്യവസ്ഥകളെക്കുറിച്ച് ഇന്ദിരാ ഗാന്ധി ബോധവതിയായിരുന്നില്ല. അന്നത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സിദ്ധാര്‍ഥ ശങ്കര്‍ റേയാണ് അവരെ ആ തീരുമാനത്തിലേക്ക് നയിച്ചത്. എന്നാല്‍ റേ പിന്നീട് ഈ പങ്ക് നിഷേധിച്ചുവെന്നതും ഇന്ദിരാഗാന്ധിയുടെ വ്യക്തിപരമായ തീരുമാനം മാത്രമായി അടിയന്തരാവസ്ഥയെ അവതരിപ്പിച്ചുവെന്നതും വൈരുധ്യം.

അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും പാര്‍ലിമെന്ററി ബോര്‍ഡ് അംഗവുമായിരുന്ന റേക്ക് ഇന്ദിരാ ഗാന്ധിയില്‍ വന്‍ സ്വാധീനം ഉണ്ടായിരുന്നു. താരതമ്യേന യുവ മന്ത്രിയായിരുന്ന താനും മറ്റ് ക്യാബിനറ്റ് അംഗങ്ങളും അടിയന്തരാവസ്ഥയുടെ ദൂരവ്യാപകമായ ഫലങ്ങളെക്കുറിച്ച് മനസ്സിലാക്കിയിരുന്നില്ല പ്രണാബ് എഴുതുന്നു. ഇപ്പോഴിറങ്ങിയ പുസ്തകം മൂന്ന് പുസ്തകങ്ങളടങ്ങിയ പരമ്പരയിലെ ആദ്യത്തേതാണ്. 1980 മുതല്‍ 1998വരെയുള്ള കാലഘട്ടമായിരിക്കും രണ്ടാം വാള്യത്തില്‍ വിവരിക്കുക. 1998 മുതല്‍ താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച 2012വരെയുള്ള കാലം മൂന്നാം വാള്യത്തില്‍ കടന്നു വരുമെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു.

Top