പാലക്കാട്: അട്ടപ്പാടിയിലും പാലക്കാടും വയനാട്ടിലും മാവോയിസ്റ്റുകളുടെ ആക്രമണം. അട്ടപ്പാടിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിനു നേരെയായിരുന്നു മാവോയിസ്റ്റ് ആക്രമണം. പാലക്കാട് ചന്ദ്രാനഗറില്‍ കെഫ്‌സി ചിക്കന്‍, മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റുകള്‍ക്കും വയനാട്ടില്‍ വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട് പോസ്റ്റിനു നേര്‍ക്കുമാണ് ആക്രമണം നടന്നത്. അട്ടപ്പാടി മുക്കാലിയിലെ സൈലന്റ് വാലി ഫോറസ്റ്റ് റേഞ്ച് ഓഫീസിനുനേരെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ ഒരു മണിക്കു ശേഷമായിരുന്നു ആക്രമണം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 15ഓളം പേരടങ്ങിയസംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജീപ്പ് കത്തിക്കുകയും കമ്പ്യൂട്ടറുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഫയലുകളും നശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. അട്ടപ്പാടിയില്‍ സുരക്ഷ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.
അതേസമയം ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷമേ എന്താണ് സഭവിച്ചതെന്ന് വ്യക്തമാക്കാനാകൂ എന്നും മന്ത്രി പറഞ്ഞു.