അട്ടപ്പാടി വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് പറഞ്ഞിട്ടില്ല: കെ.സി ജോസഫ്

തിരുവനന്തപുരം:  അട്ടപ്പാടിയില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ.സി ജോസഫ്. അട്ടപ്പാടി വിഷയത്തില്‍ സര്‍ക്കാരിന് വിഴ്ച പറ്റിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ വിഷയത്തെ വളച്ചൊടിച്ചെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചു. ഒറ്റപ്പാലം സബ്കളക്ടര്‍ പി.വി നൂഹുവാണ് സ്‌പെഷ്യല്‍ ഓഫീസര്‍. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പാലക്കാട് ഡപ്യൂട്ടി ഡിഎംഒ പ്രഭുദാസിന്റെ മുഴുവന്‍ സമയ സേവനം ഉപയോഗിക്കും. ആദിവാസികള്‍ക്ക് ആനൂകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് ട്രഷറി നിയന്ത്രണം ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.

ശിശുമരണങ്ങള്‍ തുടരുന്ന അട്ടപ്പാടിയില്‍ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ പി കെ ജയലക്ഷ്മിയും കെസി ജോസഫും കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തിയിരുന്നു. ഉദ്യോഗസ്ഥരില്‍ നിന്ന് മന്ത്രിമാര്‍ വിവരങ്ങള്‍ നേരിട്ട് ആരാഞ്ഞു.

Top