അഡ്വ. ജയശങ്കറും എം.എന്‍ പിയേഴ്‌സണും ഇനി രാഷ്ട്രീയ നിരീക്ഷക പട്ടമണിയരുത്

എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയ രൂപീകരണ ചര്‍ച്ചയില്‍ പങ്കെടുത്ത രണ്ട് രാഷ്ട്രീയ നിരീക്ഷകരുടെ മുഖംമൂടിയാണ് കണിച്ചുകുളങ്ങരയില്‍ അഴിഞ്ഞുവീണത്.

സിപിഎം വിഭാഗീയതയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ ഘോരഘോരം വാദിക്കുന്ന രാഷ്ട്രീയ നിരീക്ഷകരായ അഡ്വ ജയശങ്കറും എം എന്‍ പിയേഴ്‌സണും വെള്ളാപ്പള്ളി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത് അവര്‍ ഇന്നോളം പറഞ്ഞുവന്ന നിലപാടുകള്‍ക്ക് കടക വിരുദ്ധമാണ്.

വി.എസ് അച്യുതാനന്ദനെ ശിഖണ്ഡിയോട് ഉപമിച്ച വെള്ളാപ്പള്ളിയുടെ അടുത്തേക്ക് ചൂടാറും മുമ്പ് തന്നെ ഈ വി.എസ് ഭക്തര്‍ ഓടിയത് രാഷ്ട്രീയ കേരളത്തെയാണ് അമ്പരപ്പിച്ചിരിക്കുന്നത്.

ഇടതുമുന്നണിയുടെ പ്രമുഖ ഘടക കക്ഷിയായ സിപിഐ യുടെ അഭിഭാഷക സംഘടനയുടെ സംസ്ഥാന നേതാവു കൂടിയാണ് അഡ്വ ജയശങ്കര്‍. എം എന്‍ പിയേഴ്‌സണാകട്ടെ അറിയപ്പെടുന്ന ഇടതു നിരീക്ഷകനുമാണ്.

രാഷ്ട്രീയത്തില്‍ പുലര്‍ത്തുന്ന സത്യസന്ധതയും നിഷ്പക്ഷമായ വിലയിരുത്തലുമാണ് ചാനല്‍ സ്റ്റുഡിയോകളില്‍ ഇരുവരുടെയും ഇരിപ്പുറപ്പിച്ചിരുന്നത്. ഈ സ്വീകാര്യത തന്നെയാണ് വെള്ളാപ്പള്ളിയുടെ ക്ഷണത്തിന്റെയും പ്രധാന കാരണം.

ജാതി-മത-രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായി പൊതുസമൂഹത്തിന്റെ വികാരങ്ങളെ യാഥാര്‍ഥ്യത്തോട് കൂടിയും നിഷ്പക്ഷതയോട് കൂടിയും അവതരിപ്പിക്കുന്നവര്‍ എന്ന് കേരളീയ സമൂഹം വിശ്വസിച്ചിരുന്ന ജയശങ്കറും പിയേഴ്‌സണും എന്തിനു വേണ്ടിയാണ് ജാതി ‘കച്ചവടം’ നടത്തുന്ന വെള്ളാപ്പള്ളി നടേശന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പോയതെന്ന ചോദ്യം ഇപ്പോള്‍ പൊതുസമൂഹത്തിനിടയില്‍ നിന്നുതന്നെ ഉയരുന്നുണ്ട്.

എസ്എന്‍ഡിപി സ്ഥാപനങ്ങളിലെ നിയമനങ്ങളിലും വിദ്യാര്‍ഥി പ്രവേശനത്തിലും കോടിക്കണക്കിന് രൂപ കോഴ വാങ്ങി ‘സമുദായ സ്‌നേഹം’ പ്രകടിപ്പിച്ച നേതാവിന് എന്ത് ഉപദേശമാണ് നല്‍കിയതെന്ന് പൊതു സമൂഹത്തോട് വെളിപ്പെടുത്താന്‍ ഇരു നിരീക്ഷകരും തയ്യാറാവണം.

ഹിന്ദു വികാരമുയര്‍ത്തി സംസ്ഥാനത്ത് വേരുറപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബിജെപി പ്രസിഡന്റ് അമിത്ഷായുടെയും അനുഗ്രഹം വാങ്ങി, കേരളത്തിലെ പൊതു സ്വീകാര്യരായ ജനനേതാക്കളെ തെറിവിളിച്ച് പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രൂപീകരണവുമായി മുന്നോട്ടു പോവുന്ന വെള്ളാപ്പള്ളിയെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങള്‍ അംഗീകരിക്കുന്നതെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.

ആര് ഉപദേശത്തിനു വിളിച്ചാലും പോവുമെന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍ അത് അപ്പാടെ വിശ്വസിക്കാന്‍ പ്രയാസമാണ്.

നിങ്ങളുടെ രണ്ടു പേരുടെയും മനസ്സിലിരിപ്പാണ് വെള്ളാപ്പള്ളി യോഗത്തിലെ സാന്നിധ്യം വഴി പുറത്തായത്.

ആര്‍എസ്എസ് സംഘടിപ്പിച്ച രക്ഷാബന്ധന്‍ ചടങ്ങില്‍ പങ്കെടുത്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ കയ്യില്‍ രക്ഷാബന്ധന്‍ കെട്ടിയ അഡ്വ ജയശങ്കറിന്റെ ഉദ്ദേശ ശുദ്ധിയെ ആരെങ്കിലും സംശയിച്ചാല്‍ അവരെയും ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറ്റം പറയാന്‍ കഴിയില്ല.

unnamed

കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നുവെന്ന് പൊതുസമൂഹം കരുതുന്ന ജയശങ്കറും പിയേഴ്‌സണും ഒരു ജാതി സംഘടന രാഷ്ട്രീയ സങ്കുചിത താല്‍പര്യത്തിന്റെ പുറത്ത് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത് അവരുടെ ഉദ്ദേശം അറിയാതിരുന്നതുകൊണ്ടാണെന്ന് മാത്രം ഇനി പറയരുത്.

നയം വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി രാഷ്ട്രീയ നിരീക്ഷകര്‍ എന്ന ‘പട്ടം’ മാറ്റിവച്ച് വേണം ചാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കാന്‍.

Team Express kerala

Top