ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള ആക്രമണം ഇന്ത്യാ- പാക് യുദ്ധത്തിന് കളമൊരുങ്ങുമോ എന്ന് യു.എന്നിന് ആശങ്ക.
ആണവ ശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ ദിവസങ്ങളായി നടക്കുന്ന പോരാട്ടം യുദ്ധസമാനമായ സാഹചര്യങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ച് ജില്ലയിലാണ് ഇന്ത്യന്‍ സൈന്യവും പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സും തമ്മില്‍ ശക്തമായ വെടിവയ്പ്പുണ്ടായത്.
പാക്കിസ്ഥാന്‍ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ അര്‍ധരാത്രിയോടെ ഷാപൂര്‍ സെക്ടറില്‍ വെടിവയ്പ് നടത്തിയെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് ആയുധങ്ങളുമുപയോഗിച്ചായിരുന്നു ആക്രമണം. നമ്മുടെ സൈന്യം ശക്തമായ രീതിയില്‍ തന്നെ തിരിച്ചടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യന്‍ ഔട്ട് പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ വെടിവയ്പ് തുടരുകയാണ്. ഇരു സൈന്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പ്രദേശവാസികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം അതിര്‍ത്തിയില്‍ ഇന്ത്യ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നു യു.എന്നില്‍ പാക്കിസ്ഥാന്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരേ നടപടി വേണമെന്നാണു പാക്കിസ്ഥാന്റെ ആവശ്യം. ഇന്ത്യയുടെ ആക്രമണത്തില്‍ നാലു ഗ്രാമവാസികള്‍ കൊല്ലപ്പെട്ടെന്ന ആരോപണത്തിനു പിന്നാലെയാണു യു.എന്നിനെ സമീപിച്ചിരിക്കുന്നത്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ രജൗറി ജില്ലയിലെ നൗഷേറ സെക്റ്ററിലും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാജ്യാന്തര അതിര്‍ത്തിയിലും ലൈന്‍ ഓഫ് കണ്‍ട്രോളിലും വ്യാപക ആക്രമണം നടന്നു. ഇന്ത്യയുമായി നിരവധി തവണ സമാധാനച്ചര്‍ച്ചകള്‍ നടത്തിയെന്നും ഇന്ത്യ ഒന്നിനും വഴങ്ങുന്നില്ലെന്നുമായിരുന്നു പാക് സൈനിക മേധാവി സര്‍താജ് അസീസ് മുന്‍പ് പറഞ്ഞിരുന്നത്.
എന്നാല്‍, തങ്ങളുടെ ഭാഗത്തു നിന്ന് യാതൊരു തരത്തിലുമുള്ള പ്രകോപനവും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യയും പറയുന്നു.
ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ ഉഫയില്‍ വച്ച് നടത്തിയ സമാധാന ശ്രമങ്ങള്‍ക്കു തൊട്ടുപിന്നാലെ തന്നെ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.
ഇതിനിടെ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചു പാക് സൈനികര്‍ വെടിവച്ചിട്ട ആളില്ലാ വിമാനം ഇന്ത്യയുടേതല്ലെന്ന് തെളിയുകയും ചെയ്തു.
ആണവ ശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അതിര്‍ത്തികളില്‍ തുടരുന്ന വെടിവയ്പ്പ് ആശങ്കയോടെയാണ് ഐക്യരാഷ്ട്രസഭ വീക്ഷിക്കുന്നത്. യു.എന്‍ സെക്രട്ടറി ജനറല്‍ ഇരു രാഷ്ട്രതലവന്‍മാരോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരായ പ്രതിപക്ഷ പ്രതിഷേധവും മധ്യപ്രദേശിലെ വ്യാപം അഴിമതിയിയലും ദുരൂഹമരണങ്ങളിലും മധ്യപ്രദേശ് മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങളിലും മുഖം നഷ്ടപ്പെട്ട സാഹചര്യവും ബി.ജെ.പിക്കുണ്ട്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം മൂന്നു സീറ്റുമായി കനത്തപരാജയം ഏറ്റുവാങ്ങിയ ബി.ജെ.പിക്ക് വരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് നിലനില്‍പിന്റെ ആവശ്യവുമാണ്.
ദേശീയ വികാരം ഉയര്‍ത്താന്‍ പാക്കിസ്ഥാനെതിരായ യുദ്ധം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. യുദ്ധമുണ്ടായാല്‍ എല്ലാ കക്ഷികളും കേന്ദ്ര സര്‍ക്കാരിനെ പിന്‍തുണക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും.
ഈ അനുകൂല ഘടകത്തിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ യുദ്ധത്തിനു വഴിതെളിയിക്കുമോ എന്ന ആശങ്കയാണ് ലോകരാജ്യങ്ങള്‍ക്കുള്ളത്. പാക്കിസ്ഥാനില്‍ നവാസ് ഷെരീഫിനും പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പും തീവ്രവാദ ആക്രമണങ്ങളും തടയാന്‍ ഇന്ത്യക്കെതിരായ യുദ്ധം ഗുണം ചെയ്യും.
ഇരു രാഷ്ട്രത്തലവന്‍മാരും തങ്ങളുടെ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാല്‍ ഇന്ത്യാ-പാക്ക് യുദ്ധം വിദൂരത്തല്ലെന്ന ആശങ്കയാണ് ലോക രാഷ്ടങ്ങള്‍ക്കുള്ളത്.