ബംഗളൂരു: അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയ കേസില്‍ ശിക്ഷിച്ച വിചാരണക്കോടതിയുടെ വിധി ചോദ്യംചെയ്ത് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ ജയലളിത സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് കര്‍ണാടക ഹൈക്കോടതി നീട്ടി. കേസില്‍ തന്നെയും മറ്റ് മൂന്നുപേരെയും നാല് വര്‍ഷത്തേക്ക് ശിക്ഷിച്ച വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജയലളിതയുടെ ഹര്‍ജി.
ജനുവരി അഞ്ചിനാണ് ജസ്റ്റിസ് സി.ആര്‍ കുമാരസ്വാമിയുടെ അധ്യക്ഷതയിലുള്ള പ്രത്യേക ബെഞ്ച് വാദംകേള്‍ക്കല്‍ തുടങ്ങിയത്. കഴിഞ്ഞ ഡിസംബറില്‍ ജയലളിതയുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വാദം കേട്ടിരുന്നു. ഇതിനിടയിലാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്ന് കര്‍ണാടക ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചത്. മൂന്നു മാസത്തിനകം വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ കാലാവധി 18ന് അവസാനിക്കും. വാദംകേള്‍ക്കല്‍ ഹൈക്കോടതിയില്‍ ബുധനാഴ്ച പൂര്‍ത്തിയായി.