ബെര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി ഐഎസ് 4000 ജിഹാദികളെ കടത്തിയതായി റിപ്പോര്‍ട്ട്. സിറിയയില്‍ നിന്നും ഇറാക്കില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളുടെ പ്രവാഹം തുടരുന്ന സമയത്തു തന്നെയാണ് ഐഎസ് ഇത്തരമൊരു രഹസ്യ നീക്കം നടത്തിയിരിക്കുന്നത്. അയ്‌ലാന്‍ കുര്‍ദിയെന്ന സിറിയന്‍ ബാലന്‍ അഭയാര്‍ഥി ബോട്ട് മുങ്ങി മരിക്കുകയും കുട്ടിയുടെ ചിത്രം മാധ്യമങ്ങളില്‍ വരികയും ചെയ്തതോടെ യൂറോപ്പിനു മേല്‍ അഭയാര്‍ഥികളെ സ്വീകരിക്കുവാനുള്ള സമ്മര്‍ദം കൂടുകയായിരുന്നു.
ഇതേ തുടര്‍ന്നു പതിനായിരങ്ങള്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ അതിര്‍ത്തി യൂറോപ്യന്‍ രാജ്യങ്ങള്‍ തുറന്നു നല്‍കി. അടുത്തിടെ നിരവധി വ്യാജ സിറിയന്‍ പാസ്‌പോര്‍ട്ടുകളും വിവിധ സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തിരുന്നു.
അഭയാര്‍ഥികളായി യൂറോപ്പിലേക്ക് എത്തുന്നവരില്‍ ജിഹാദികളാരുമില്ലെന്നു വിശ്വസിക്കുന്നതു തന്നെ മണ്ടത്തരമാണെന്നു ഗ്രീക്ക് കുടിയേറ്റ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി യാനിസ് മൗസാലന്‍സ് റഷ്യാ ടുഡേയോടു പറഞ്ഞിരുന്നു. യൂറോപ്യന്‍ യൂണിയന്റെ ഇന്റലിജന്‍സ് സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലുള്‍പ്പെടെ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശത്തും തങ്ങളുടെ ഖാലിഫേറ്റ് സ്ഥാപിക്കണമെന്നതാണ് ഐഎസിന്റെ താല്‍പര്യം. ഇതിനായി യൂറോപ്പിലേക്ക് പരിശീലനം ലഭിച്ച ഭീകരരെ കടത്തിവിടുവാന്‍ ഐഎസിനു ലഭിച്ചിരിക്കുന്ന സുവര്‍ണ അവസരം കൂടിയാണു നിലവിലെ അഭയാര്‍ഥി പ്രവാഹം.