ബുഡാപെസ്റ്റ്: അഭയാര്‍ഥി പ്രവാഹം തടയാന്‍ ഹംഗറി അതിര്‍ത്തി വീണ്ടും അടച്ചു. ഇത്തവണ ക്രൊയേഷ്യ അതിര്‍ത്തിയാണ് അടച്ചത്. കുടിയേറ്റ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ വിളിച്ച യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ക്രൊയേഷ്യന്‍ അതിര്‍ത്തിയും അടയ്ക്കുവാന്‍ ഹംഗറി തീരുമാനിച്ചത്.
‘ഇത് നല്ല നടപടിയല്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഇതല്ലാതെ മറ്റുവഴിയില്ലെന്ന്’ ഹംഗേറിയന്‍ വിദേശകാര്യമന്ത്രി പീറ്റര്‍ സ്വിജാര്‍തോ പറഞ്ഞു. നേരത്തെ സെര്‍ബിയ അതിര്‍ത്തിയും ഹംഗറി അടച്ചിരുന്നു.
ഓസ്ട്രിയയിലേക്കും ജര്‍മനിയിലേക്കും കടക്കുന്നതിന് അഭയാര്‍ഥികള്‍ ഹംഗറിയിലൂടെയുള്ള മാര്‍ഗമാണ് സ്വീകരിക്കുന്നത്. ക്രൊയേഷ്യന്‍ അതിര്‍ത്തി അടച്ചതോടെ തങ്ങളുടെ രാജ്യത്തിലൂടെ ഹംഗറിയിലേക്ക് കടക്കാന്‍ അഭയാര്‍ഥികള്‍ ശ്രമിക്കുമെന്ന ഭയത്തിലാണ് സ്ലൊവേനിയ.
ക്രൊയേഷ്യയില്‍ നിന്നുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ സ്ലൊവേനിയ ഇതിനകം നിര്‍ത്തലാക്കിയിട്ടുണ്ട്. ക്രൊയേഷ്യന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കുമെന്ന് സ്ലൊവേനിയന്‍ ആഭ്യന്തര മന്ത്രി അറിയിച്ചു.