തിരുവനന്തപുരം: ബദ്ധവൈരികളായ രാഷ്ട്രീയ നേതാക്കളുടെ അഭിനന്ദനം ഏറ്റുവാങ്ങി ദേശീയ തലത്തില്‍ സിപിഎമ്മിന്റെ അഭിമാനമായി പി രാജീവ്… അടിസ്ഥാന വര്‍ഗത്തിന്റെ കണ്ണീരും ചോരയും വീണ് ചുവന്ന ചെങ്കൊടിയെ അപമാനിച്ച് എളമരം കരീം… സിപിഎം നേതാക്കളുടെ ഈ രണ്ട് വ്യത്യസ്ത മുഖങ്ങള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു.
രാജ്യസഭയിലെ തകര്‍പ്പന്‍ പ്രകടനം മുന്‍നിര്‍ത്തി സഭ നിയന്ത്രിക്കാന്‍ വരെ അവസരം ലഭിച്ച രാജീവ് എം പിക്ക് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് രാജ്യസഭ നല്‍കിയ അസാധാരണ യാത്രയയപ്പ് രാജ്യ വ്യാപകമായ ശ്രദ്ധ നേടിയത് ബിജെപി-കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായ പ്രകടനം പുറത്തായതോടെയാണ്.
ഭരണഘടനയുടെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിച്ച് ശക്തമായ ഇടപെടല്‍ നടത്തിയ രാജീവിനെ വീണ്ടും സഭയില്‍ കൊണ്ടുവരാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ആദ്യം രംഗത്ത് വന്നിരുന്നത്.
തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദും ഇതേ ആവശ്യമുന്നയിച്ചും രാജീവിന്റെ ഇടപെടലുകളെ അഭിനന്ദിച്ചും രംഗത്ത് വരികയായിരുന്നു.
പൊതു തിരഞ്ഞെടുപ്പില്‍ നിറംമങ്ങിയ ചെങ്കൊടിയുടെ ശോഭ വര്‍ദ്ധിപ്പിക്കുന്ന രംഗമാണ് രാജ്യസഭയില്‍ അരങ്ങേറിയത്. സിപിഎം അണികളെയും അനുഭാവികളെയും ആവേശം കൊള്ളിക്കുന്ന കാഴ്ചയായിരുന്നു അത്.
ബദ്ധവൈരികളായ രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ രാജ്യത്തെ നിയമ നിര്‍മ്മാണ സഭയില്‍ നല്‍കിയ ഈ അംഗീകാരത്തിന്റെ അഭിമാനത്തിലേറിയ സിപിഎം പ്രവര്‍ത്തകരെ അപമാനത്തിലേക്ക് തള്ളിവിടുന്ന കാര്യങ്ങളാണ് തൊട്ടടുത്ത ദിവസം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ഭിന്നശേഷിയുള്ള നിസഹായരെ പരിഹസിച്ചാണ് കരീം രംഗത്ത് വന്നിരുന്നത്. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നല്‍കുന്ന സൗജന്യമാണ് കെഎസ്ആര്‍ടിസിയുടെ നഷ്ടത്തിന് കാരണമെന്ന തരത്തിലായിരുന്നു കരീമിന്റെ വിവാദ പ്രസംഗം.
“പല വിഭാഗങ്ങള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതാണ് കെഎസ്ആര്‍ടിസിയെ കൂടുതല്‍ നഷ്ടത്തിലാക്കിയത്. ട്രാന്‍സ്‌പോര്‍ട്ടിന് ഓരോ മന്ത്രി വരുമ്പോഴും ഓരോ വിഭാഗത്തിന് സൗജന്യം പ്രഖ്യാപിക്കുകയാണ്. ഒരാള്‍ കണ്ണ് പൊട്ടന്, ഒരാള്‍ ചെവിപൊട്ടന്, ഒരാള്‍ കാലുപൊട്ടന്, അടുത്തയാള്‍ എല്‍കെജി വിദ്യാര്‍ത്ഥിക്ക്, അടുത്തയാള്‍ യുകെജി വിദ്യാര്‍ത്ഥിക്ക്. ഒടുവില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമാക്കി. മന്ത്രിമാര്‍ തോന്നും പോലെ പ്രഖ്യാപിക്കുന്ന സൗജന്യം കോര്‍പറേഷന്റെ നഷ്ട്ം കൂട്ടുകയാണ് “. എന്നായിരുന്നു കരീമിന്റെ പരിഹാസം.
കെഎസ്ആര്‍ടിസിയിലെ സിഐടിയു അനുകൂല സംഘടനയായ കെഎസ്ആര്‍ടിഇഎയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ മാര്‍ച്ച് കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ തൊഴിലാളി നേതാവ് ചെങ്കൊടി തണലേകേണ്ട ഈ പാവപ്പെട്ട വിഭാഗത്തെ അപമാനിച്ചത്.
പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് കരീം ഖേദപ്രകടനം നടത്തിയിട്ടുണ്ടെങ്കിലും പ്രതിഷേധം കത്തിപ്പടരുകയാണ്.
അതേസമയം സോഷ്യല്‍ മീഡിയയില്‍ കരീമിനെതിരായ പ്രതിഷേധം വൈറലായിട്ടും സിപിഎം നേതാക്കള്‍ പരസ്യമായി നിലപാട് വ്യക്തമാക്കാത്തത് പൊതു സമൂഹത്തില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്.