അമല കൊലക്കേസ്: പൊലീസ് വാദം കള്ളക്കഥയെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍

കോട്ടയം: സിസ്റ്റര്‍ അമല കൊലക്കേസില്‍ യഥാര്‍ത്ഥ വസ്തുത പൊലീസ് മറച്ചുവയ്ക്കുകയാണെന്ന് പൊതു പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍. Express Kerala പ്രതിനിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

23 വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവില്‍ കോളിളക്കം സൃഷ്ടിച്ച അഭയ കൊലക്കേസില്‍ സിബിഐ അന്വേഷണം വഴി പ്രതികളെ കുരുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ജോമോന്‍ പുത്തന്‍പുരക്കലിന്റെ നിലപാട് പൊലീസിനെ സംബന്ധിച്ച് വന്‍ വെല്ലുവിളിയാകും.

പത്ത് രൂപ പോലും മോഷ്ടിക്കാനെടുക്കാന്‍ ഇല്ലാത്ത കന്യാസ്ത്രീ മഠത്തില്‍ മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് മനോവൈകല്യമുള്ളയാളാണെന്ന് പറഞ്ഞു.

ഇത് രണ്ടും വിശ്വാസ യോഗ്യമല്ലെന്ന് ജോമോന്‍ തുറന്നടിച്ചു. സംഭവം നടന്നതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥനോട് താന്‍ നേരിട്ട് വിളിച്ച് ഈ ‘ലോജിക്’ ചോദ്യം ചെയ്തിരുന്നു.

സംഘടിതരായ സഭയുടെ ഉന്നതങ്ങളില്‍ ഇരിക്കുന്നവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പൊലീസ് പ്രതിയെ മോഷ്ടാവും മാനസിക രോഗിയുമാക്കുന്നത്.

മാനസിക രോഗിയായ ഒരാള്‍ കൊല നടത്തിയ ആയുധം കഴുകി കോണിപ്പടിക്കടുത്ത് വയ്ക്കില്ല. അതുപോലെ തന്നെ തൊട്ടടുത്ത് പൊലീസ് സ്റ്റേഷന്‍ ഉണ്ടായിട്ടും കൊലപാതക വിവരം അവിടെ അറിയക്കാതെ മൃതദേഹത്തിലെ ഡ്രസ്സ് മാറ്റിയിട്ടതും രക്തക്കറ തുടച്ച് കളഞ്ഞതുമെല്ലാം മറ്റാര്‍ക്കോ വേണ്ടിയാണ്. അത് കണ്ടെത്തണം ജോമോന്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ സാധാരണ ഗതിയില്‍ തെളിവ് നശിപ്പിച്ചതിന് കേസെടുക്കേണ്ടതാണ് അതും ഉണ്ടായില്ല.

ഹരിദ്വാറില്‍ നിന്നും പ്രതി സതീഷ് ബാബു സഹോദരനോട് സംസാരിക്കുന്നതായി ചാനലുകള്‍ പുറത്തുവിട്ട സംഭാഷണത്തില്‍ മനോ വൈകല്യത്തിന്റെ ഒരു സൂചനയുമില്ല.

ഈരാറ്റുപേട്ടക്കടുത്ത് ഒരു വീടെടുത്ത് മേക്കപ്പ് അണിഞ്ഞ് സുന്ദരനായി നടക്കുന്ന സതീഷ് ബാബു മോഷ്ടിക്കാനാണ് മഠങ്ങളില്‍ കയറുന്നതെന്ന് പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. ഇതിന് പിന്നിലെ സത്യാവസ്ഥ പുറത്ത് വന്നേ പറ്റൂ.

സിസ്റ്റര്‍ അമലയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഇക്കാര്യത്തില്‍ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ വ്യക്തമാക്കി.

Top