ന്യൂഡല്‍ഹി: അമിതാഭ് ബച്ചനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുകയാണെങ്കില്‍ പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ പുനഃരാലോചന നടത്തുമെന്ന് സൂചന. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനെ അനൗപചാരികമായി കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചതായാണ് സൂചന.
മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയെയാണ് പ്രധാനമായും പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
സമവായത്തിനായി ബിജെപി നിയോഗിച്ച കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു, അരുണ്‍ ജയ്റ്റ്‌ലി എന്നിവര്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലും തീരുമാനമൊന്നും ആയിരുന്നില്ല.
ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കുടി താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ അമിതാഭ് ബച്ചന്റെ പേര് ഉയര്‍ന്നു വന്നത്.
ബിജെപിക്കും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ബച്ചന്റെ കാര്യത്തില്‍ എതിര്‍പ്പുണ്ടാകാന്‍ സാധ്യതയുണ്ടാവില്ലന്നതിനാലാണ് ഈ നിര്‍ദ്ദേശം.
അതേസമയം മഹാത്മാഗാന്ധിയുടെ ചെറുമകന്‍ സ്ഥാനാര്‍ത്ഥിയായാല്‍ വലിയ വെല്ലുവിളിയാകുമെന്ന് വിലയിരുത്തുന്ന ബിജെപി പ്രതിപക്ഷനിരയിലടക്കം പ്രാദേശിക പാര്‍ട്ടികളെ വരുതിയിലാക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.
പ്രധാനമായും ബീഹാറിര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു ,തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയിലെ ഇരു വിഭാഗങ്ങള്‍, സീമന്ധ്രയിലെ പ്രതിപക്ഷമായ വൈ എസ് ആര്‍ കോണ്‍ഗ്രസ്സ് , തെലങ്കാനയിലെ ഭരണപക്ഷമായ ടി.ആര്‍.എസ് എന്നിവരെ ലക്ഷ്യമിട്ടാണ് നീക്കം. ഇവിടങ്ങളില്‍ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു തന്നെയാണ് നീക്കങ്ങള്‍ക്ക് നേരിട്ട് ചുക്കാന്‍ പിടിക്കുന്നത്.
സുഷമ സ്വരാജ് തന്നെയാണ് ബിജെപി പാളയത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖ. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ ബിജെപി അവസാന നിമിഷം രംഗത്തിറക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.
സഖ്യകക്ഷിയായ ശിവസേന ഉടക്കി നില്‍ക്കുന്നത് ബിജെപിക്ക് വലിയ തലവേദനയാണ്. ഇവരുമായി അടുത്ത ബന്ധം സുഷമ സ്വരാജിനുള്ളതാണ് അവരുടെ സാധ്യത സജീവമാക്കി നിര്‍ത്താന്‍ കാരണം.
മഹാരാഷ്ട്ര സന്ദര്‍ശനം കഴിഞ്ഞ് ബിജെപി പ്രസിഡന്റ് അമിത് ഷാ 19ന് ഡല്‍ഹിയില്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ബിജെപി തീരുമാനത്തിന് വേഗതയേറും.
ആത്യന്തികമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ,പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ താല്‍പര്യമാണ് ഇക്കാര്യത്തില്‍ നടപ്പാക്കപ്പെടുക.
സംഘപരിവാര്‍ കുടുബത്തില്‍ നിന്നും രാഷ്ട്രപതി വരണമെന്നതാണ് ആര്‍ എസ് എസിന്റെ ആഗ്രഹം. വിജയിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ മാത്രം സമവായം ആലോചിച്ചാല്‍ മതിയെന്നാണ് ബിജെപി നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഇലക്ടറല്‍ വോട്ടുകള്‍ സംബന്ധിച്ച ‘കണക്ക് കൂട്ടലുകള്‍’ ഒത്തു വന്നില്ലങ്കില്‍ അമിതാബച്ചനും ബിജെപിയുടെ പരിഗണനാ ലിസ്റ്റില്‍ വരുമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ്സ് ഹൈക്കമാന്റുമായും ബിജെപി ആര്‍ എസ് എസ് നേതൃത്ത്വവുമായും അടുത്ത ബന്ധമുള്ള ഒരു ഉന്നതനാണ് ബച്ചന്റെ കാര്യത്തില്‍ വലിയ താല്‍പര്യമെടുത്തിരിക്കുന്നത്.