അമേരിക്കന്‍ സന്നദ്ധപ്രവര്‍ത്തകനെ ഇസില്‍ വധിച്ചു

ബഗ്ദാദ്: അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകന്റെയും സിറിയന്‍ സൈനികരുടെയും തലയറുക്കുന്ന പുതിയ വീഡിയോ ഇസില്‍ തീവ്രവാദികള്‍ പുറത്തുവിട്ടു. ഇന്നലെയാണ് വീഡിയോ ദൃശ്യം പുറത്തുവിട്ടിരിക്കുന്നത്. സിറിയന്‍ പ്രസിഡന്റ് ബശറുല്‍ അസദിന്റെ സൈന്യത്തില്‍പ്പെട്ട 12 പേരുടെ തലവെട്ടുന്ന ദൃശ്യം വീഡിയോയില്‍ ഉണ്ട്. പൈലറ്റുമാരും ഉദ്യോഗസ്ഥരുമാണ് ഇവരെന്ന് വീഡിയോ അവകാശപ്പെടുന്നു. സോഷ്യല്‍ മീഡിയകള്‍ വഴി തീവ്രവാദികള്‍ വീഡിയോ ദൃശ്യം വ്യാപിപ്പിക്കുകയായിരുന്നു. സിറിയന്‍ സൈനികര്‍ക്ക് പുറമെ അമേരിക്കക്കാരനും ഇസ്‌ലാമിലേക്ക് മതം മാറുകയും ചെയ്ത പീറ്റര്‍ കാസിഗ്(26) എന്ന അബ്ദുര്‍റഹ്മാന്‍ കാസിഗിന്റെ തലയറുക്കുന്ന ദൃശ്യം വീഡിയോയില്‍ ഉണ്ട്. അതേസമയം, വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ‘ഒബാമക്ക് വേണ്ടി ഇന്ന് ഞങ്ങള്‍ ബശാറുല്‍ അസദിന്റെ സൈന്യത്തിന്റെ തലയറുക്കുകയാണ്. നാളെ നിങ്ങളുടെ സൈന്യത്തിന്റെ തല ഞങ്ങള്‍ വെട്ടിമാറ്റും’ എന്ന് വീഡിയോയില്‍ മുഖം മറച്ച് പ്രത്യക്ഷപ്പെടുന്ന ഒരാള്‍ സന്ദേശവും നല്‍കുന്നുണ്ട്. വെട്ടിമാറ്റപ്പെട്ട തലകള്‍ ഗ്രൗണ്ടില്‍ കിടക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ വ്യക്തമാണ്. അമേരിക്കക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയുടേതാണ് ഈ തലയെന്ന് മുഖം മറച്ച വ്യക്തി അവകാശപ്പെടുന്നു. ‘ഇത് പീറ്റര്‍ എഡ്വാര്‍ഡ് കാസിഗ്. നിങ്ങളുടെ രാജ്യത്തെ അമേരിക്കന്‍ പൗരന്‍. ഇറാഖില്‍ മുസ്‌ലിംകള്‍ക്കെതിരെ പോരാടുകയായിരുന്നു ഇയാള്‍. മുമ്പ് അമേരിക്കന്‍ സൈന്യത്തിന് വേണ്ടി സേവനം ചെയ്തിട്ടുണ്ട്. ഇതിലൂം കൂടുതലൊന്നും പറയാനില്ല’ എന്നും വീഡിയോ ദൃശ്യത്തില്‍ അറിയിക്കുന്നു.

Top