അമേരിക്കയില്‍ വീണ്ടും സംഘര്‍ഷം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിരായുധനായ കറുത്ത വര്‍ഗക്കാരനെ കൊലപ്പെടുത്തിയ വെളുത്ത വര്‍ഗക്കാരനായ പോലീസുകാരനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമായി. ഇന്നലെ കാലിഫോര്‍ണിയയിലെ പോലീസ് കാര്യാലയത്തിന്റെ വാതിലുകളും മുന്നിലുള്ള തെരുവും പൂര്‍ണമായും തടഞ്ഞുകൊണ്ടാണ് പ്രതിഷേധം.

ഫെര്‍ഗൂസനിലാണ് കറുത്ത വര്‍ഗക്കാരനെ വെളുത്ത വര്‍ഗക്കാരനായ പോലീസുകാരന്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. പോലീസ് 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനങ്ങള്‍ പോലീസ് കാര്യാലയത്തിലേക്ക് പ്രവേശിക്കുന്നത് പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. 18 വയസ്സുള്ള മൈക്കല്‍ ബ്രൗണ്‍ ആണ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ തെരുവുകളില്‍ നിന്നത്.

ഗതാഗതം തടസ്സപ്പെടുത്തുന്ന പ്രക്ഷോഭകരെ പോലീസ് വളഞ്ഞതിന്റെ ചിത്രങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നൂറിലധികം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നതില്‍ പങ്കുകൊണ്ടതായും റിപ്പോര്‍ട്ടുണ്ട്. നിരായുധനായ കറുത്ത വര്‍ഗക്കാരനെ വെടിവെച്ചുകൊന്ന വെള്ളക്കാരനായ പോലീസുകാരന്‍ കുറ്റക്കാരനായിട്ടും വെറുതെ വിട്ടതോടെയാണ് കറുത്ത വര്‍ഗക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.

Top