വാഷിങ്ടണ്‍: കമ്യൂണിസ്റ്റ് രാജ്യമായിരുന്ന സോവിയറ്റ് റഷ്യയിലെ കമ്യൂണിസ്റ്റ് ഭരണം മാറ്റി വിവിധ രാജ്യങ്ങളായി ഭിന്നിപ്പിച്ച അമേരിക്കക്ക് ബഹിരാകാശ യാത്രക്ക് റഷ്യ തന്നെ കനിയണം.
ശീതയുദ്ധത്തിനുശേഷം അമേരിക്കയും റഷ്യയും തമ്മിലെ ബന്ധം ഏറെ വഷളായി തുടരുമ്പോഴാണ് ശത്രുത മറന്ന് നാസയുടെ ബഹിരാകാശ യാത്രികര്‍ക്കായി അമേരിക്ക റഷ്യയെ ആശ്രയിക്കുന്നത്.
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള നാസ സംഘങ്ങളെ കൊണ്ടുപോകാനുള്ള റഷ്യയുമായുള്ള കരാര്‍ 49 കോടി ഡോളറിനാണ് അമേരിക്ക പുതുക്കിയത്.
ബഹിരാകാശ വാഹന ദൗത്യം 2012ല്‍ അമേരിക്ക അവസാനിപ്പിച്ചതോടെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്ക് നാസ, റഷ്യയെയാണ് ആശ്രയിക്കുന്നത്. 2019 വരെയാണ് പുതുക്കിയ കരാര്‍.
ബഹിരാകാശ യാത്രക്ക് സഹായകമാവുന്ന വാഹനങ്ങള്‍ നിര്‍മിക്കാന്‍ സ്വകാര്യ കമ്പനികളായ ബോയിങ്, സ്‌പേസ് എക്‌സ് എന്നിവക്ക് കഴിഞ്ഞ അഞ്ചുവര്‍ഷമായി സാമ്പത്തിക സഹായം നല്‍കാത്തതിനാല്‍ റഷ്യയുമായി കരാര്‍ നീട്ടുകയല്ലാതെ വേറെ വഴിയില്ലെന്ന് നാസ വ്യക്തമാക്കി.
അടുത്തവര്‍ഷത്തെ ബജറ്റിലും തുക അനുവദിക്കുന്നില്ലെങ്കില്‍ സമീപകാലത്തൊന്നും അമേരിക്കക്ക് സ്വന്തം വാഹനം ഉപയോഗിച്ചുള്ള യാത്ര സാധ്യമാകില്ലെന്ന് നാസ മേധാവി ചാള്‍സ് ബോള്‍ഡന്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ വ്യക്തമാക്കി.
124 കോടി ഡോളറെങ്കിലും (7839 കോടി രൂപ) മുടക്കിയാല്‍ മാത്രമേ ബഹിരാകാശ യാത്രികരെ വഹിക്കാനാകുന്ന വാഹനം നിര്‍മിക്കാനാകൂ.
യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യക്കുമേല്‍ കടുത്ത ഉപരോധമേര്‍പ്പെടുത്തിയ അമേരിക്ക ഇപ്പോള്‍ റഷ്യന്‍ ഫെഡറല്‍ സ്‌പേസ് ഏജന്‍സിയുടെ വാഹനമാണ് ഉപയോഗിച്ചുവരുന്നത്.
റഷ്യയുടെ സഹായം തേടുന്നത് അന്താരാഷ്ട്ര രംഗത്ത് വലിയ നാണക്കേടാണെങ്കിലും വേറെ വഴിയില്ലാത്ത അവസ്ഥിയിലാണിപ്പോള്‍ അമേരിക്ക.