ഓക്ലന്‍ഡ്: ലോകകപ്പില്‍ ഇന്ന് പാക്കിസ്ഥാന് അയര്‍ലാന്‍ഡിനെ നേരിടും. ഇരുടീമുകള്‍ക്കും ക്വാര്‍ട്ടര്‍ ഉറപ്പിക്കണമെങ്കില്‍ ജയം അനിവാര്യമാണ്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രണ്ട് ടീമിനു മൂന്ന് ജയം വീതമുണ്ട്.
തോല്‍ക്കുന്ന ടീമിന് വെസ്റ്റിന്‍ഡീസ് യുഎഇ മത്സരം കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വരും ക്വാര്‍ട്ടറിലെത്തുന്നതിന്. നെറ്റ് റണ്‍റേറ്റിനെ അടിസ്ഥാനമാക്കിയായിരിക്കും പിന്നീടുള്ള കാര്യങ്ങള്‍. നിലവില്‍ പാക്കിസ്ഥാനാണ് നെറ്റ് റണ്‍റേറ്റില്‍ മുന്നില്‍ നില്‍ക്കുന്നത്. ഫോമനുസരിച്ച് പാക്കിസ്ഥാന് ജയിക്കാന്‍ തന്നെയാണ് സാധ്യത. പക്ഷെ അയര്‍ലാന്‍ഡ് നിസാരക്കാരല്ല ലോകകപ്പില്‍ തമ്മിലേറ്റു മുട്ടിയപ്പോള്‍ അയര്ലാന്ഡിനായിരുന്നു ജയം. 2007 ലോകകപ്പിലെ പ്രാഥമിക റൗണ്ടിലായിരുന്നു അയര്‍ലാന്‍ഡ് പാക്കിസ്ഥാനെ അട്ടിമറിച്ചത്. അതിനാല്‍ തന്നെ ഇപ്രാവശ്യം കരുതലോടെയായിരിക്കും പാക്കിസ്ഥാന് ഇറങ്ങുക. അയര്‍ലാന്‍ഡിനെതിരെ തോല്ക്കുകയാണെങ്കില് വിന്‍ഡീസ് യുഎഇക്കെതിരെ വമ്പന്‍ മാര്‍ജിനിലുള്ള ജയം സ്വന്തമാക്കിയാല്‍ പാക്കിസ്ഥാന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും.
അതേ അവസ്ഥ തന്നെയാണ് അയര്‍ലാന്‍ഡിനും. അതിനാല്‍ ഓക്ലാന്‍ഡിലെ പോരാട്ടത്തിന് വീറും വാശിയുമേറുമെന്നുറപ്പ്. ബൗളര്‍മാരുടെ ഫോമാണ് പാക്കിസ്ഥാന് മുന്‍തൂക്കം നല്കുന്ന ഘടകം. ആദ്യ രണ്ട് കളികളിലും തോല്‍വി വഴങ്ങിയതിന് ശേഷം പാക്കിസ്ഥാന് തിരിച്ചു വന്നത് ബൗളര്‍മാരുടെ മികവിലാണ്.