തിരുവനന്തപുരം: അരുവിക്കരയില്‍ താരപോരാട്ടത്തിനും കളമൊരുങ്ങുന്നു. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി വിജയകുമാറിന് വേണ്ടി നടന്‍ മുകേഷ്, ഇന്നസെന്റ് എന്നിവരും ബിജെപിക്ക് വേണ്ടി സുരേഷ് ഗോപിയുമാണ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ രംഗത്തിറങ്ങുക.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥിന് വേണ്ടി കോണ്‍ഗ്രസ് അനുകൂല നിലപാടുള്ള താരങ്ങളായ ജഗദീഷിനെയും സലിംകുമാറിനെയും പ്രചരണ രംഗത്തിറക്കി താര പ്രചരണത്തില്‍ ഒരു കൈ നോക്കാന്‍ യുഡിഎഫും ശക്തമായി രംഗത്തുണ്ട്.
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമയായ കിരീടത്തിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ച ആല്‍ത്തറ സ്ഥിതിചെയ്യുന്ന അരുവിക്കരയില്‍ ആവേശത്തിന്റെ ഓളങ്ങള്‍ ഉയര്‍ത്താന്‍ താരസാന്നിധ്യം വഴി കഴിയുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ രംഗത്തിറങ്ങുമെന്ന് ഇതിനകം തന്നെ പരസ്യമായി പ്രഖ്യാപിച്ച സുരേഷ് ഗോപിയോട് പ്രചരണ രംഗത്തിറങ്ങാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന.
കൊല്ലത്തും ചാലക്കുടിയിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കഴിഞ്ഞ തവണ പ്രചരണം നടത്തിയ മുകേഷിനോട് പ്രചരണ രംഗത്ത് സജീവമാകാന്‍ സിപിഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴയില്‍ വച്ച് നടന്ന സിപിഎം സംസ്ഥാന സമ്മേളന ചടങ്ങിലും മുകേഷ് നേരത്തെ പങ്കെടുത്തിട്ടുണ്ട്.
പ്രമുഖ സംവിധായകന്‍ ആഷിക് അബു, നടിയും ഭാര്യയുമായ റിമ കല്ലിങ്കല്‍ എന്നിവരെയും സാംസ്‌കാരിക-ചലച്ചിത്ര പ്രവര്‍ത്തകരെയും അരുവിക്കരയിലെത്തിക്കാന്‍ സിപിഎം നേതൃത്വം ശ്രമം നടത്തുന്നുണ്ട്.
ഇടത് -വലത് മുന്നണികള്‍ക്കും ബിജെപിക്കും മാത്രമല്ല പി.സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണിക്കും അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്.
മുന്‍ കേന്ദ്ര മന്ത്രികൂടിയായ ഓ.രാജഗോപാലിനെ മത്സര രംഗത്തിറക്കിയ ബിജെപി അട്ടിമറി വിജയമാണ് പ്രതീക്ഷിക്കുന്നതെങ്കിലും രണ്ടാം സ്ഥാനത്ത് അവര്‍ എത്തിയാല്‍ പോലും അത് മുന്നണി രാഷ്ട്രീയത്തില്‍ പ്രത്യാഘാതമുണ്ടാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തുടര്‍ന്ന് നിയമസഭയിലേക്കും പൊതു തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഈ അഗ്നിപരീക്ഷകളുടെ ഗതി നിര്‍ണയിക്കുക അരുവിക്കരയിലായിരിക്കുമെന്നും ഉറപ്പാണ്.