അരുവിക്കരയില്‍ ‘സുനാമിയായി’ സോളാര്‍ വിധി; പ്രതിരോധത്തിലായത്‌ യുഡിഎഫ്‌

പത്തനംതിട്ട: സോളാര്‍ കേസില്‍ സരിതാ നായരെയും ബിജുവിനെയും ശിക്ഷിച്ച പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തീരുമാനം അരുവിക്കരയില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നു.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും പങ്ക് ചൂണ്ടിക്കാട്ടി അരുവിക്കരയില്‍ ശക്തമായ പ്രചാരണം അഴിച്ച് വിടാനാണ് ഇടത് മുന്നണിയുടെയും ബിജെപിയുടെയും തീരുമാനം.

ആറന്മുള സ്വദേശിയില്‍ നിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസിലാണ് മൂന്ന് വര്‍ഷം കഠിന തടവിന് സരിതയെയും ബിജുവിനെയും കോടതി ശിക്ഷിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും നിലനില്‍പ്പിന് തന്നെ നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി വന്ന കോടതി വിധി യുഡിഎഫിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

സോളാര്‍ കേസിനെ ലാഘവത്തോടെ കണ്ട യുഡിഎഫ് നേതാക്കളുടെ നിലപാടിനേറ്റ തിരിച്ചടിയാണ് ഇന്നത്തെ കോടതി വിധി എന്നാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും നിലപാട്.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സഹായം പറ്റിയാണ് സോളാര്‍ തട്ടിപ്പ് നടന്നതെന്ന ആരോപണം അന്വേഷിക്കുന്ന സോളാര്‍ കമ്മീഷന്റെ തീരുമാനം പുറത്ത് വരുന്നതോടെ യാഥാര്‍ത്ഥ്യം പുറത്ത് വരുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രചാരണം.

കോടതി വിധി ചൂണ്ടിക്കാട്ടി അരുവിക്കരയില്‍ ശക്തമായ പ്രചാരണം അഴിച്ച് വിടാന്‍ സിപിഎമ്മും ബിജെപിയും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുന്‍ കേന്ദ്ര മന്ത്രി ഫറൂഖ് അബ്ദുള്ളയുടെ കത്താണ് ആറന്മുള സ്വദേശിയില്‍ നിന്ന് 1.19 കോടി രൂപ തട്ടിയെടുക്കാന്‍ സരിത ഉപയോഗിച്ചത് എന്നത് യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നതാണ്.

സോളാര്‍ വിഷയം വീണ്ടും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാക്കാനും തട്ടിപ്പ് സംബന്ധമായി തങ്ങള്‍ ഉന്നയിച്ച് ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കാനും കോടതി വിധിയിലൂടെ കഴിഞ്ഞതായാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍.

സരിതയുടെ വിവാദ കത്ത് ഉള്‍പ്പെടെ പ്രചാരണായുധമാക്കി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കാനാണ് തീരുമാനം. ബിജെപിയും സിപിഎമ്മും പരസ്പരം മത്സരിച്ചാണ് സോളാര്‍ കേസ് അരുവിക്കരയില്‍ പ്രചരണായുധമാക്കുന്നത്.

Top