കൊച്ചി: സംസ്ഥാന രാഷട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന അരുവിക്കരയിലെ വിജയാവകാശ വാദങ്ങളുമായി വാതുവയ്പ്പുകള്‍ അരങ്ങ് തകര്‍ക്കുന്നു.
തെരഞ്ഞെടുപ്പ് തലസ്ഥാന ജില്ലയിലാണെങ്കിലും രാഷ്ട്രീയ അതിപ്രസരത്തിന് കുപ്രസിദ്ധിയാര്‍ജിച്ച മലബാറിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പരസ്പരം വാതുവയ്പ്പ് വയ്ക്കുന്നത്. വാട്‌സ് ആപ്പ് വഴിയാണ് ന്യൂജനറേഷന്റെ വാതുവയ്പ്പ്.
ഫലം മുതലെടുക്കാന്‍ വാതുവയ്പ്പ് സംഘങ്ങളും വിവിധ ജില്ലകളില്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
കോണ്‍ഗ്രസ്, സിപിഎം, ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയ പ്രഖ്യാപനം മാത്രമല്ല അവര്‍ക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണംപോലും വാതുവയ്പ്പിലെ പ്രധാന ‘ഇന’ മാണ്.
രാഷ്ട്രീയ പ്രവര്‍ത്തകരും അനുഭാവികളുമായ ആളുകള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ തലമൊട്ടയടിക്കല്‍, പാതി മീശയെടുക്കല്‍ എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ പണം ലക്ഷ്യമിട്ടാണ് വാതുവയ്പ്പ് സംഘങ്ങളുടെ ബെറ്റ്.
വിധി പ്രഖ്യാപനത്തെ അക്ഷമയോടെ കാത്ത് നില്‍ക്കുന്ന വാതുവയ്പ്പുകാര്‍ക്ക് പോലും ഏത് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. വോട്ടര്‍മാരുടെ പ്രതികരണം എല്ലാവരെയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.
എങ്കിലും തങ്ങള്‍ ഇഷ്ടപ്പെടുന്ന സ്ഥാനാര്‍ത്ഥിയുടെ വിജയം പ്രതീക്ഷിച്ചാണ് അവരുടെ വാതുവയ്പ്. നഗരത്തില്‍ നിന്നും വ്യത്യസ്തമായി ഗ്രാമങ്ങളിലാണ് വാതുവയ്പ് മത്സരം അരങ്ങ് തകര്‍ക്കുന്നത്.
പ്രധാന മത്സരാര്‍ത്ഥികളായ ശബരീനാഥിനും വിജയകുമാറിനും ഒ. രാജഗോപാലിനും പുറമെ പി.സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ സമിതി പിടിക്കുന്ന വോട്ടുകളുടെ എണ്ണവും ചില ഇടങ്ങളില്‍ വാതുവയ്പ്പില്‍ ഇടംപിടിച്ചിട്ടുണ്ട്.
ജോലിക്ക് പോലും പോകാതെ ഫലപ്രഖ്യാപന ദിനം ‘അവിസ്മരണീയമാക്കി’ മാറ്റാനുള്ള നീക്കത്തിലാണ് യുഡിഎഫ്-ഇടത് മുന്നണി -ബിജെപി പ്രവര്‍ത്തകരും അനുഭാവികളും.
ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങളാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കവലകള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ വാങ്ങിവച്ചിട്ടുള്ളത്. ഇത് പൊട്ടിക്കാനും ആഘോഷിക്കാനുമുള്ള അവസരം ആര്‍ക്കാണെന്ന് മാത്രമെ ഇനി അറിയാനൊള്ളു.
വന്‍ പ്രകടനങ്ങളും റാലികളും കലാപരിപാടികളുമൊക്കെയായി വിജയമാഘോഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അണിയറയില്‍ സജീവമാകുമ്പോഴും പിടികൊടുക്കാതെ നില്‍ക്കുകയാണ് അരുവിക്കരയുടെ മനസ്സ്.
30-ലെ ‘സുനാമിക്ക്’ മുന്‍പുള്ള അരുവിയുടെ ശാന്തതയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ സാഹചര്യത്തെ വിലയിരുത്തുന്നത്.